ഗണവേഷമണിഞ്ഞാൽ നടപടി; ആർ.എസ്.എസിൽ ചേരാൻ ജീവനക്കാരെ അനുവദിക്കുന്ന കേന്ദ്രനിയമം സംസ്ഥാനങ്ങൾക്ക് ബാധകമല്ലെന്ന് കർണാടകം
text_fieldsപ്രതീകാത്മക ചിത്രം
ബംഗളുരു: പെരുമാറ്റച്ചട്ടപ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുക്കാൻ വിലക്കുണ്ടെന്ന് കർണാടകം. ഇത് ലംഘിക്കുന്ന ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
കേന്ദ്രസർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം സംസ്ഥാന സർക്കാരിന്റേതിൽ നിന്ന് വ്യത്യസ്ഥമാണെന്ന് ഐ.ടി-ബി.ടി-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഇതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസിൽ ചേരാൻ അനുമതിയുള്ളപ്പോൾ സംസ്ഥാനത്ത് അതില്ലെന്നും മന്ത്രി വ്യക്തമാക്കി.
കലബുറഗിയിലെ സേദം താലൂക്കിൽ ഞായറാഴ്ച നടന്ന ആർ.എസ്.എസ് പദസഞ്ചലനത്തിൽ മെഡിക്കൽ ഓഫീസർ പങ്കെടുത്തതായുള്ള വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിഷയം അന്വേഷിക്കും. വ്യക്തമായ തെളിവുകൾ ലഭ്യമായാൽ ഉറപ്പായി നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം, റായ്ചൂരിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത പഞ്ചായത്ത് ഡവലപ്മെന്റ് ഓഫീസർക്കെതിരെ കർണാടക സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കർണാടക സിവിൽ സർവീസസ് ചട്ടത്തിന്റെ ലംഘനം കണ്ടെത്തിയതോടെയാണ് നടപടിയെന്ന് വ്യക്തമാക്കിയിരുന്നു റൂറൽ ഡവലപ്മെന്റ് ആന്റ് പഞ്ചായത്തിരാജ് വകുപ്പ് കമീഷണർ അരുന്ധതി ചന്ദ്രശേഖറിന്റെ നടപടി.
ആർ.എസ്.എസ് അടക്കം സ്വകാര്യ സംഘടനകളുടെ പൊതുഇടങ്ങളിലെ ഇടപെടൽ നിയന്ത്രിക്കാൻ ഒക്ടോബർ 16ന് ചേർന്ന കാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു. ഒക്ടോബർ 12ന് ആർ.എസി.എസിന്റെ 100-ാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്തുടനീളം റൂട്ടുമാർച്ചുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടപടി.
ജീവനക്കാർ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുക്കുന്നത് വിലക്കി വെള്ളിയാഴ്ച സർക്കാർ പുതിയ സർക്കുലർ പുറത്തിറക്കിയിരുന്നു. പൊതു സ്ഥലങ്ങളിൽ പരിപാടി നടത്തുന്നതിന് ആർ.എസ്.എസ് മുൻകൂട്ടി അനുമതി തേടണമെന്ന് നിഷ്‍കർഷിച്ചതിന് പിന്നാലെയായിരുന്നു ഇത്.
നേരത്തെ, പൊതുസ്ഥലങ്ങളിൽ ആർ.എസ്.എസ് പരിപാടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഖാർഗെ കത്തുനൽകിയിരുന്നു. വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ശാഖകളിലൂടെ ആർ.എസ്.എസ് വിദ്യാർഥികളെ മസ്തിഷ്‍ക പ്രക്ഷാളനം നടത്തുകയാണെന്നും ചൂണ്ടിക്കാട്ടുന്നതായിരുന്നു കത്ത്.
കത്തിനും നടപടികൾക്കും പിന്നാലെ, ഖാർഗെക്കെതിരെ സംസ്ഥാന ബി.ജെ.പി നേതൃത്വം ആക്രമണം കടുപ്പിക്കുന്നതായിരുന്നു കാഴ്ച. സർക്കാറിന്റെ വീഴ്ചകൾ മറക്കാൻ ഖാർഗെ ആർ.എസ്.എസിന്റെ ലക്ഷ്യമിടുകയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. 100 വർഷമായി പ്രവർത്തിക്കുന്നെന്ന് ആവർത്തിക്കുമ്പോഴും രാജ്യത്ത് നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടാത്ത സംഘടനയാണ് ആർ.എസ്.എസെന്ന് ഖാർഗെയും തിരിച്ചടിച്ചു.
തഹസിൽദാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഖാർഗെയുടെ മണ്ഡലമായ ചിത്താപ്പുരിൽ ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റൂട്ട് മാർച്ച് ആർ.എസ്.എസിന് ഒഴിവാക്കേണ്ടി വന്നിരുന്നു. നേരത്തെ താലൂക്ക് അധികൃതർ അനുമതി നിഷേധിച്ചിട്ടും കലബുറഗിയിലെ സേദമിൽ ഞായറാഴ്ച റൂട്ടുമാർച്ചുമായിറങ്ങിയ ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

