പാക് പ്രകോപനത്തിന് സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ; രാജ്യത്ത് കടുത്ത ജാഗ്രത നിർദേശം
text_fieldsന്യൂഡൽഹി: രാജ്യത്തിനുമേൽ പാകിസ്താൻ പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് മുതിരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. അതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ജമ്മു കശ്മീർ, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
അഫ്ഗാനിസ്താൻ അതിർത്തി സംഘർഷം ബലൂചിസ്താനിലെ ആഭ്യന്തര പ്രശ്നം എന്നിവയിൽനിന്ന് രാജ്യാന്തര ശ്രദ്ധ തിരിക്കാനാണ് പാകിസ്താന്റെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഇന്ത്യയെ അസമാധാനത്തിലേക്ക് നയിക്കാനുള്ള നീക്കങ്ങൾ പാക്കിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാമെന്ന് ഏജൻസികൾ വിലയിരുത്തുന്നു.
പാകിസ്താൻ പടിഞ്ഞാറൻ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഭീകരവിരുദ്ധ സേനയായ എ.ടി.എസിന്റെയും മറ്റു സുരക്ഷ ഏജൻസികളുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും മുംബൈയിലെ കുർള, ഗോവണ്ടി മേഖലകളിലും ഇതിനകം ഭീകരവിരുദ്ധ സേന വ്യാപക പരിശോധനകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഈ പരിശോധനകളിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.
ജമ്മു കശ്മീരിലെ വിവിധ അതിർത്തി മേഖലകളിൽ കൂടുതൽ സുരക്ഷ സേനയെ വിന്യസിക്കാനും സൈനിക നടപടികൾക്കായി സജീവമാകാനും തീരുമാനമായിട്ടുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനായി അതിർത്തിയിൽ ബി.എസ്.എഫും സൈന്യവും നിരീക്ഷണം കർശനമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

