കേന്ദ്രത്തിന്റെ കടം 185 ലക്ഷം കോടി
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ കടബാധ്യത ഓരോ വർഷവും 10 ശതമാനം എന്ന തോതിൽ വർധിക്കുകയാണെന്നും മൊത്തം കടബാധ്യത 2025 മാർച്ചിൽ 185.38 ലക്ഷം കോടി രൂപയിലെത്തിയെന്നും ധനമന്ത്രാലയത്തിന്റെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്. 2024-25 സാമ്പത്തിക വർഷം വിദേശ കടത്തിൽ 11.56 ശതമാനം വർധനവുമായി ഇന്ത്യ ചരിത്രം സൃഷ്ടിച്ചുവെന്നും ഈ മാസം പുറത്തുവന്ന സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കി. നികുതി വരുമാനം വർധിച്ചിട്ടും കടമെടുപ്പിൽ കുറവ് വരുത്താത്ത കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ചുവെന്നും 2020 ഏപ്രിൽ തൊട്ട് 2025 മാർച്ച് വരെയുള്ള ധനമന്ത്രാലയത്തിന്റെ കണക്ക് പരിശോധിച്ച് സി.എ.ജി റിപ്പോർട്ട് വെളിപ്പെടുത്തി.
തിരിച്ചടവ് പലിശയിലും വർധന
നിലവിൽ കേന്ദ്ര സർക്കാർ രാജ്യത്തിനകത്തുനിന്ന് എടുത്ത കടം 99.09 ലക്ഷം കോടിയിൽനിന്ന് 159.25 ലക്ഷം കോടിയിലെത്തിയപ്പോൾ രാജ്യത്തിന് പുറത്തുള്ള കടബാധ്യത 6.14 ലക്ഷം കോടി രൂപയിൽ നിന്നും 8.74 ലക്ഷം കോടി രൂപയായും വർധിച്ചു. ആഭ്യന്തര വായ്പയിനത്തിൽ കേന്ദ്ര സർക്കാർ ഒടുക്കുന്ന പലിശ 10.10 ലക്ഷം കോടി രൂപയിൽ നിന്ന് 10.67 ലക്ഷം കോടി രൂപയായി വർധിച്ചു. വിദേശ വായ്പായിനത്തിലെ പലിശ 29,617 കോടി രൂപയിൽ നിന്ന് 34,162 കോടി രൂപയായും ഉയർന്നു.
ഇന്ത്യ വിദേശത്തുനിന്ന് കടമെടുക്കുന്നത് പ്രധാനമായും മൂന്ന് സ്ഥാപനങ്ങളിൽ നിന്നാണെന്ന് റിപ്പോർട്ട് വിശദീകരിച്ചു. ഇന്റർനാഷനൽ ബാങ്ക് ഓഫ് റീ കൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ് (31,042 കോടി രൂപ), ജപ്പാൻ സർക്കാർ (27,894 കോടി രൂപ), ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (27,680 കോടി രൂപ) എന്നിവയാണവ.
സംസ്ഥാനങ്ങൾക്കുള്ള ധന സഹായം കുറച്ചു
സംസ്ഥാന സർക്കാറുകൾക്കുള്ള സാമ്പത്തിക സഹായം കേന്ദ്ര ധനമന്ത്രാലയം വെട്ടിക്കുറച്ചതായും സി.എ.ജി കണ്ടെത്തി. സംസ്ഥാന സർക്കാറുകളോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടയിലാണിത്. സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായം 2020-21 സാമ്പത്തിക വർഷം 5.26 ലക്ഷം കോടിയായിരുന്നത് 2024-25ൽ 5.22 ലക്ഷം കോടിയായി കുറച്ചപ്പോൾ, കേന്ദ്ര ഭരണ പ്രദേശങ്ങളുടേത് 50,667 കോടിയിൽ നിന്ന് 66,235 കോടിയായി വർധിപ്പിച്ചു. സംസ്ഥാനങ്ങളിൽനിന്ന് ‘കാമ്പ’ വഴി യൂസർ ചാർജ് ഇനത്തിൽ വനവത്കരണത്തിനായി ശേഖരിച്ച് 90:10 ശതമാനം അനുപാതത്തിൽ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാനുള്ള 10,380.36 കോടി രൂപ നൽകാതെ കേന്ദ്ര സർക്കാറിന്റെ പൊതു ഫണ്ടിലേക്ക് വകമാറ്റിയെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

