വന്ദേമാതരം പാർലമെന്റിൽ ചർച്ചയാക്കാൻ കേന്ദ്ര ഗവൺമെന്റ്; എസ്.ഐ.ആർ എടുത്തുയർത്താൻ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: എസ്.ഐ.ആർ, ബി.എൽ.ഒമാരുടെ ജീവനെടുത്തതു മുതൽ തെരഞ്ഞെടുപ്പ് അട്ടിമറികൾവരെ പാർലമെന്റിലുയർത്തി ചർച്ചകൾ ബഹളമയമാക്കാൻ പ്രതിപക്ഷ കക്ഷികൾ ഒരുങ്ങുന്നതിനിടെ വന്ദേമാതരം പാർലമെന്റിൽ സജീവമായ ചർച്ചയാക്കാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറെടുക്കുന്നു. വന്ദേമാതരത്തിന്റെ 150ാം വർഷം കണക്കിലെടുത്താണ് വന്ദേമാതരം ചർച്ചയാക്കാൻ ബി.ജെ.പിയുടെ താൽപര്യം.
പാർലമെന്റ് സമ്മേളിക്കുമ്പോൾതന്നെ ഇത് ചർച്ചയാക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യം. ഇക്കാര്യം ഗവൺമെന്റ് പ്രതിപക്ഷ കക്ഷികളുമായി ചർച്ചചെയ്യും. വന്ദേമാതരം 150ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് ഒരു വർഷം നീളുന്ന പരിപാടികളാണ് നടക്കുന്നത്.
നവംബർ 7ന് ഇതു സംബന്ധിച്ച് നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേമാതരത്തിന്റെ പേരിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. 1937ൽ വന്ദേമാതരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ കോൺഗ്രസ് ഒഴിവാക്കിയിരുന്നെന്നും അതാണ് രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്നതിന് ബീജാവാപം നടത്തിയതെന്നുമായിരുന്നു നരേന്ദ്രമോദി ആരോപിച്ചത്.
എന്നാൽ കോൺഗ്രസാണ് വന്ദേമാതരത്തെ ഹൃദയത്തോട് ചേർത്തതെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഇത് രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തി. അതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള ഉണർത്തുപാട്ടായതെന്നും ഖാർഗെ പറഞ്ഞു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ നടത്തിപ്പു സംബന്ധിച്ച് ഞായറാഴ്ച ചർച്ച നടക്കും. അതുകഴിഞ്ഞ് ഇൻഡ്യാ ബ്ലോക്ക് ചേർന്ന് ചർച്ച നടത്തും.
അതേസമയം പ്രതിപക്ഷം എസ്.ഐ.ആർ ഉയർത്തിക്കഴിഞ്ഞാൽ പാർലമെന്റ് നടപടിക്രമങ്ങൾ താളംതെറ്റുമെന്നത് ഉറപ്പാണ്. ബിഹാർ എസ്.ഐ.ആർ ആയിരുന്നു മൺസൂൺ സെഷനിൽ അട്ടിമറിയായത്. അന്ന് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ചർച്ച ചെയ്യാൻ നിർവാഹമില്ല എന്നുപറഞ്ഞ് തടിതപ്പുകയായിരുന്നു ഭരണമുന്നണി.
എസ്.ഐ.ആർ, നീതിയില്ലാത്ത തെരഞ്ഞെടുപ്പ് കമീഷൻ, രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം, സംസ്ഥാനങ്ങളിലെ ദുരന്തസഹായം, രാജ്യത്തെ തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങൾ പർലമെന്റിൽ ചർച്ചചെയ്യണമെന്ന് കോൺഗ്രസിന്റെ ചീഫ് വിപ്പ് മാണിക്യം ടാഗേർ പറഞ്ഞു.
അതേസമയം വലിയ വികസന കാര്യങ്ങളാണ് ഭരണമുന്നണിക്ക് ചർച്ച ചെയ്യാനുള്ളതെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ രജിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

