തമിഴ്നാടിന്‍റെ വിമാന ഇന്ധന നികുതി കുറയ്ക്കൽ നടപടിക്ക് കേന്ദ്ര സർക്കാറിന്‍റെ അഭിനന്ദനം
text_fieldsതമിഴ്നാട്: വിമാന ഇന്ധനമായ എവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വാറ്റ് നികുതി ഗണ്യമായി വെട്ടിക്കുറച്ച തമിഴ്നാട് മുഖ്യമന്ത്രി വിജയ്ന്‍റെ നടപടിയെ പ്രശംസിച്ച് കേന്ദ്ര സർക്കാർ. ഉയർന്ന ക്രൂഡ് ഓയിൽ വില കാരണം പ്രതിസന്ധിയിലായ എയർലൈനുകൾക്ക് ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. ചെന്നൈയിൽ എ.ടി.എഫ് നികുതി 29 ശതമാനത്തിൽ നിന്ന് 16 ശതമാനമായും സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ 1 ശതമാനമായും തമിഴ്നാട് സർക്കാർ കുറച്ചിരുന്നു.
വ്യോമയാന മേഖലക്ക് വളരെ സ്വാഗതാർഹമായ ഒരു ചുവടുവെപ്പാണ് എ.ടി.എഫ് മേലുള്ള വാറ്റ് നികുതി കുറച്ച തമിഴ്നാട് സർക്കാറിന്റെ തീരുമാനമെന്ന് കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു. വ്യോമയാന യാത്രകൾ കൂടുതൽ ജനപ്രിയമാക്കുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഇത്തരം ഏകോപനം വളരെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
എയർലൈനുകളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും പ്രാദേശിക വിമാന സർവിസുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി നവംബർ 1 മുതലാണ് എ.ടി.എഫ് വാറ്റ് നികുതി വെട്ടിക്കുറയ്ക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്. ഒരു വർഷത്തേക്കാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈക്ക് പുറത്തുള്ള വിമാനത്താവളങ്ങളിൽ നിന്ന് സർവിസ് നടത്തുന്ന 40,000 കിലോഗ്രാമിൽ താഴെ ഭാരമുള്ള ചെറിയ വിമാനങ്ങൾക്ക് നൽകുന്ന ഇന്ധനത്തിന്റെ വാറ്റ് നികുതി 5%ൽ നിന്ന് 1% ആയാണ് കുറക്കുക. വാണിജ്യ നികുതി, രജിസ്ട്രേഷൻ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച മൂന്ന് വിജ്ഞാപനങ്ങൾ 2027 ഒക്ടോബർ 31 വരെ നിലവിലുണ്ടാകും.

