ഇനി 45 ദിവസം കാത്തിരിക്കേണ്ട: ഗാർഹിക എൽ.പി.ജി ബുക്കിങ്ങിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ
text_fieldsകേന്ദ്ര സർക്കാർ പുറത്തിറക്കിയ സർക്കുലർ
ന്യൂഡൽഹി: ഗാർഹിക എൽ.പി.ജി ബുക്കിങ് കാലാവധിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. യു.എസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഹുർമുസ് കടലിടുക്ക് വഴിയുള്ള എൽ.പി.ജി വിതരണം തടസ്സപ്പെട്ടതോടെ 45 ദിവസത്തെ ഇടവേള നിശ്ചയിച്ച തീരുമാനത്തിലാണ് സർക്കാർ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച 45 ദിവസം ഇനി ഗ്രാമ-നഗര വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾക്കും 25 ദിവസത്തിലൊരിക്കൽ സിലിണ്ടർ ബുക്ക് ചെയ്യാം.
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരം പുറത്തുവിട്ടത്. എണ്ണ വിപണന കമ്പനികൾക്ക് (OMCs) ഇത് സംബന്ധിച്ച് പെട്രോളിയം മന്ത്രാലയം അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്.
2026 ഫെബ്രുവരിയിൽ യു.എസ്-ഇറാൻ സംഘർഷവും തുടർന്നുണ്ടായ ഹുർമുസ് കടലിടുക്കിലെ ഉപരോധവും ആഗോള എണ്ണ-ഊർജ വിതരണ ശൃംഖലയെ ഗുരുതരമായി ബാധിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള ഊർജ ഇറക്കുമതി തടസ്സപ്പെടുകയും രാജ്യത്ത് എൽ.പി.ജി ക്ഷാമം രൂക്ഷമാകുകയും ചെയ്തേക്കാവുന്ന സാഹചര്യം ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ മുമ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഇതിന്റെ ഭാഗമായി അവശ്യസാധന നിയമപ്രകാരം നഗരങ്ങളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായി ബുക്കിങ് ഇടവേള പുനഃക്രമീകരിക്കുകയും, C3, C4 തുടങ്ങിയ പ്രത്യേക വാതകങ്ങൾ എൽ.പി.ജി ഉൽപ്പാദനത്തിന് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിതരണ തടസ്സങ്ങൾ രാജ്യത്ത് പാചകവാതക വില വർധനവിനും കാരണമായി. മാർച്ചിൽ ഗാർഹിക സിലിണ്ടറിന് 60 രൂപയും, തുടർന്ന് ജൂണിൽ 29 രൂപയും വര്ധിപ്പിച്ചതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 942 രൂപയായി ഉയർന്നിരുന്നു.
രാജ്യത്തെ എൽ.പി.ജി വിതരണ സ്ഥിതിഗതികൾ ക്രമേണ മെച്ചപ്പെടുകയും സിലിണ്ടർ ബുക്കിങ് ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രം പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം, ജൂണിൽ വാണിജ്യ (Commercial) എൽ.പി.ജി വിതരണത്തിലെ നിയന്ത്രണങ്ങളും സർക്കാർ പിൻവലിച്ചിരുന്നു.
പ്രതിസന്ധിക്ക് മുമ്പുള്ള സാധാരണ നിലയിലേക്ക് നോൺ-ഡൊമെസ്റ്റിക് പാക്ക്ഡ് എൽ.പി.ജി വിതരണം പുനഃസ്ഥാപിക്കാൻ ഒ.എം.സികൾക്ക് നിർദ്ദേശം നൽകുകയും, വ്യവസായ മേഖലകളുടെ സുഗമമായ പ്രവർത്തനത്തിനായി പ്രീ-ക്രൈസിസ് ഉപഭോഗ തോതിന്റെ 50 ശതമാനം വരെ വിതരണം അനുവദിക്കുകയും ചെയ്തിരുന്നു. നിലവിലെ പുതിയ മാറ്റം ഗ്രാമീണ മേഖലകളിലെ കോടിക്കണക്കിന് വരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് വലിയ തോതിൽ ആശ്വാസം പകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

