കേരളത്തിന് പ്രളയധനസഹായം അനുവദിച്ച് കേന്ദ്രസർക്കാർ; ആറ് സംസ്ഥാനങ്ങൾക്ക് ലഭിക്കുക 1066 കോടി
text_fieldsഅസമിൽ പ്രളയത്തെ തുടർന്ന് സുരക്ഷിതസ്ഥാനത്തേക്ക് മടങ്ങുന്നവർ
ന്യൂഡൽഹി: പ്രളയവും ഉരുൾപൊട്ടലും മൂലം ദുരിതത്തിലായ ആറ് സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിച്ച് കേന്ദ്രസർക്കാർ. ഈ വർഷത്തെ മൺസൂണിൽ ദുരിതം അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് സഹായം അനുവദിക്കുന്നുവെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് കേന്ദ്രസർക്കാറിന്റെ വിഹിതമായാണ് ധനസഹായം നൽകുക.
ഉത്തരവഖണ്ഡിനാണ് ഏറ്റവും കൂടുതൽ തുക ലഭിക്കുക. 455.6 കോടിയാണ് ഉത്തരാഖണ്ഡിന് നൽകുക. അസമിന് പ്രളയദുരിതസഹായമായി 375.60 കോടി ലഭിക്കും. കേരളത്തിന് 153.20 കോടിയും മണിപ്പൂർ, മേഘാലയ, മിസോറാം സംസ്ഥാനങ്ങൾക്ക് യഥാക്രമം 29.20, 30.40, 22.80 കോടിയും ലഭിക്കും.
പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോൾ സംസ്ഥാനങ്ങളെ സഹായിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നരേന്ദ്ര മോദിയുടേയും അമിത് ഷായുടെയും നേതൃതവത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് ഇതുവരെ 14 സംസ്ഥാനങ്ങൾക്ക് ധനസഹായമായി 6166 കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നും 12 സംസ്ഥാനങ്ങൾക്ക് 1988.91 കോടിയും അനുവദിച്ചുവെന്ന് കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു.
ധനസഹായത്തിന് പുറമേ വിവിധ സംസ്ഥാനങ്ങളിൽ പ്രളയമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫ്, ആർമി, എയർഫോഴ്സ് സംഘങ്ങളേയും അയച്ചു. നിലവിൽ 21 സംസ്ഥാനങ്ങളിലായി 100 എൻ.ഡി.ആർ.എഫ് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ പ്രളയം നേരിടാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ജലശക്തിയും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

