പിണറായിക്ക് അമിത് ഷായുടെ ഉറപ്പ്; ഇടത് തീവ്രവാദത്തെ നേരിടാൻ കേന്ദ്ര ഫണ്ട് തുടരും
text_fieldsന്യൂഡൽഹി: കേരളത്തിൽ വയനാട് കണ്ണൂർ ജില്ലകളിൽ ഇടത് തീവ്രവാദം നേരിടുന്നതിനുള്ള കേന്ദ്ര ഫണ്ട് തുടർന്നും നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടെന്നും അത് നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മാവോവാദികളുമായി സംഭാഷണം നടത്തണമെന്നാണല്ലോ സി.പി.എമ്മിന്റെ ദേശീയ നയം എന്ന് ചോദിച്ചപ്പോൾ സംഭാഷണം നടത്താമല്ലോ എന്ന് പറഞ്ഞ മുഖ്യമന്ത്രി സംഭാഷണം വേറെ, ഫണ്ട് വേറെ എന്നും കൂട്ടിച്ചേർത്തു. ഇടത് തീവ്രവാദ ഭീഷണി കണ്ണൂരും വയനാടും മാത്രമായി കിടക്കുകയല്ല.
തൊട്ടപ്പുറത്ത് കിടക്കുന്ന കാടുകളിലൂടെയാണ് ഇടത് തീവ്രവാദികൾ പലപ്പോഴും കേരളത്തിലേക്കെത്തിയിട്ടുള്ളത്. ആ സാധ്യത ഇപ്പോഴും നിലവിലുണ്ടെന്നാണ് സംശയിക്കുന്നത്. ഇടതുതീവ്രവാദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമൊന്നുമില്ല. അവിടത്തെ സ്ഥിതിഗതികളിൽ നല്ല പുരോഗതിയുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരസുരക്ഷക്ക് ഇന്ത്യ റിസര്‍വ് ബറ്റാലിയൻ
കേരളത്തിന്‍റെ തീരദേശ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പൂര്‍ണമായും കേന്ദ്ര സാമ്പത്തിക പിന്തുണയോടെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍റെ ഒരു പ്രത്യേക യൂനിറ്റ് അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് കേരളത്തില്‍ മറൈന്‍ പൊലീസ് ബറ്റാലിയനായും പ്രവര്‍ത്തിക്കാന്‍ കഴിയും.
സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടുന്നതിനും കേരളത്തിലെ സൈബര്‍ ക്രൈം നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര സാമ്പത്തിക സഹായമായി 108 കോടി രൂപയും അനുവദിക്കും. ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയുടെ പ്രാദേശിക കാമ്പസ് അനുവദിക്കുന്ന കാര്യവും അമിത് ഷാ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

