മധ്യപ്രദേശിലെ ക്രിസ്ത്യൻ അനാഥാലയത്തിൽ കേന്ദ്ര ബാലാവകാശ കമീഷൻ റെയ്ഡ്; മർദിച്ചതായി മലയാളി പുരോഹിതർ
text_fieldsന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ സാഗര്‍ ജില്ലയിൽ ക്രിസ്ത്യൻ പുരോഹിതരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അനാഥാലയമായ സെന്റ് ഫ്രാൻസിസ് സേവാധാം ആശ്രമത്തിൽ കേന്ദ്ര ബാലാവകാശ കമീഷൻ ചെയർമാന്റെ നേതൃത്വത്തിൽ റെയ്ഡ്. തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി കമീഷൻ ചെയർമാൻ പ്രിയങ്ക് കാനൂങ്കോ അറിയിച്ചു.
അതേസമയം, സ്ഥാപനത്തിൽ അതിക്രമമാണ് നടത്തിയതെന്നും പൊലീസ് മർദിച്ചെന്നും മലയാളികളടക്കമുള്ള പുരോഹിതർ ആരോപിച്ചു. ആരാധനക്ക് ഉപയോഗിക്കുന്ന വീഞ്ഞ് മദ്യമെന്ന പേരിൽ പിടിച്ചെടുത്തു. കമ്പ്യൂട്ടറുകൾ നശിപ്പിച്ചു. കന്യാസ്ത്രീകളുടെയടക്കം മുറികൾ പരിശോധിച്ചു. മുൻകൂർ നോട്ടീസില്ലാതെയാണ് സംഘമെത്തിയതെന്നും പുരോഹിതർ ആരോപിച്ചു. അറസ്റ്റ് ചെയ്ത പുരോഹിതരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കേന്ദ്ര ബാലാവകാശ കമീഷൻ ചെയർമാൻ പ്രിയങ്ക് കാനൂങ്കോ, സംസ്ഥാന ബാലാവകാശ കമീഷൻ അംഗങ്ങളായ ഓംകാർ സിങ്, ഡോ. നിവേദിത ശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഗുരുതരമായ ആരോപണങ്ങളാണ് കമീഷൻ ഉന്നയിച്ചത്.
അനാഥാലയത്തിൽ നിരവധി കുട്ടികളെ വർഷങ്ങളായി താമസിപ്പിക്കുന്നുണ്ടെന്നും ഇവരുടെ മാതാപിതാക്കളെക്കുറിച്ച് വ്യക്തമായ വിവരമുണ്ടായിട്ടും തിരിച്ചേൽപിച്ചില്ലെന്നും പ്രിയങ്ക് കാനൂങ്കോ ആരോപിച്ചു. കുട്ടികളുടെ പേരിൽ വിദേശത്തുനിന്ന് വൻ തുക ശേഖരിച്ചിട്ടുണ്ട്. പണത്തോടുള്ള ആർത്തി കാരണമാണ് ഇവരെ താമസിപ്പിച്ചതെന്നും കാനൂങ്കോ വാർത്തസമ്മേളനത്തിൽ പറഞ്ഞു. താമസിക്കുന്നത് സൗകര്യമില്ലാത്ത ഷെഡിലാണ്. മുറികളിൽ ധാന്യങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ട്. അനാഥാലയത്തിനായി വിശാലമായ ഭൂമിയാണ് സർക്കാർ വർഷങ്ങൾക്കു മുമ്പ് നൽകിയത്.
എന്നാൽ, അനാഥാലയത്തിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നതായും കേന്ദ്ര ബാലാവകാശ കമീഷൻ ചെയർമാൻ പറഞ്ഞു. കർശന നടപടിയെടുക്കാൻ പൊലീസിനോടും ഭരണകൂടത്തോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അനാഥാലയത്തിൽ മതംമാറ്റം നടക്കുന്നതായും സംശയമുണ്ടെന്ന് പ്രിയങ്ക് കാനൂങ്കോ പറഞ്ഞു. ഇവിടെയെത്തുമ്പോൾ ഹിന്ദുവായിരുന്ന ചെറിയ കുട്ടിക്ക് മുതിർന്നപ്പോൾ ക്രിസ്ത്യൻ പേരിട്ടു. റെയ്ഡ് സംഘത്തിലുണ്ടായിരുന്ന നിവേദിതയോട് ഒരു പുരോഹിതൻ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. ഈ വിഷയത്തിൽ പരാതി നൽകും.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ളതാണ് സെന്റ് ഫ്രാൻസിസ് സേവാധാം ആശ്രമം. മതംമാറ്റം ആരോപിച്ച് ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കെതിരെ മധ്യപ്രദേശിൽ കഴിഞ്ഞ വർഷവും നടപടിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

