ധാതു നികുതിയിൽ സംസ്ഥാനങ്ങളുടെ ആയിരക്കണക്കിന് കോടി റോയൽറ്റി അവകാശം നിഷേധിക്കാൻ കേന്ദ്ര നീക്കം; പുതിയ ബെഞ്ച് രൂപീകരിച്ച് വാദം കേൾക്കാനൊരുങ്ങി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്ന ധാതുക്കളുടെ നികുതിയായി പിരിച്ചെടുക്കുന്ന ആയിരക്കണക്കിന് കോടി രൂപയുടെ റോയൽറ്റി അവകാശം സംസ്ഥാനങ്ങൾക്ക് നിഷേധിക്കാൻ കേന്ദ്രത്തിന്റെ അന്തിമ നീക്കം. ധാതു അവകാശങ്ങൾക്ക് നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന സുപ്രീംകോടതിയുടെ 2024 ജൂലൈയിലെ വിധിക്കെതിരെ ‘തിരുത്തൽ ഹരജി’ പരിഗണിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ ആവശ്യമുന്നയിച്ചു. ‘അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും ഫെഡറൽ തത്വങ്ങളുടെ ലംഘനവും’ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം തിരുത്തൽ ഹരജി സമർപിച്ചത്. ഇക്കാര്യം പരിഗണിച്ച സുപ്രീംകോടതി പുതിയ ഒമ്പതംഗ ബെഞ്ചിനെ നിയോഗിച്ച് വിഷയത്തിൽ വാദം കേൾക്കാൻ തീരുമാനിച്ചു.
ചില സംസ്ഥാനങ്ങൾ രണ്ടോ മൂന്നോ ജഡ്ജിമാരുടെ ബെഞ്ചുകൾ വഴി അവരുടെ വ്യക്തിഗത കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട അതേ സമയത്താണ് കേന്ദ്രം തിരുത്തൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഒരു സംസ്ഥാന സർക്കാറിനു വേണ്ടി വാദിച്ച അഭിഭാഷകൻ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ധാതു സമ്പത്ത് പങ്കിടൽ തർക്കങ്ങളുമായി ബന്ധപ്പെട്ട് 800ലധികം ഹരജികൾ ഉണ്ടെന്നും അവ ഒന്നിച്ച് പരിഗണിക്കണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഈ അഭ്യർഥനയെ എതിർക്കുകയും കോടതി ആദ്യം കേന്ദ്രത്തിന്റെ ‘തിരുത്തൽ ഹരജി’ പരിശോധിക്കണമെന്ന് വാദിക്കുകയും ചെയ്തു.
സുപ്രീംകോടതിയുടെ യഥാർത്ഥ വിധി റദ്ദാക്കാനുള്ള ഒരു വ്യവഹാരിയുടെ അവസാന ആശ്രയമാണ് തിരുത്തൽ ഹരജി. നിതാരി കൊലപാതക പരമ്പര കേസിൽ മാത്രമാണ് സുപ്രീംകോടതി വധശിക്ഷക്കെതിരായ അപ്പീൽ, പുനഃപരിശോധനാ ഹരജി എന്നിവ തള്ളി പ്രതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കിയത്.
2024 ജൂലൈ 25ന്, അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഒമ്പത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് (എട്ടിലെന്ന് ഭൂരിപക്ഷത്തോടെ) ധാതു അവകാശങ്ങൾക്കും ധാതുക്കൾ അടങ്ങിയ ഭൂമിക്കും നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് നിയമനിർമാണ അധികാരമുണ്ടെന്ന് വിധിച്ചിരുന്നു. എങ്കിലും ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം നിയമനിർമാണ മേഖലയിൽ നിയന്ത്രണങ്ങൾ, വ്യവസ്ഥകൾ, തത്വങ്ങൾ, നിരോധനം എന്നിവ ഏർപ്പെടുത്താൻ പാർലമെന്റിന് ‘ആവശ്യമായത്ര വിശാലമായ’ അധികാരങ്ങളുണ്ടെന്നും ബെഞ്ച് വിധിച്ചു.
എന്നാൽ, സംസ്ഥാനങ്ങൾക്ക് അനുകൂലമായി 2024 ആഗസ്റ്റ് 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 4ന് കേന്ദ്രത്തിന്റെ പുനഃപരിശോധനാ ഹരജി തള്ളിയതും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഒരു റിവ്യൂ ഹരജി സമർപ്പിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ വ്യാഴാഴ്ച അറിയിച്ചു.
‘ഇത് ധാതുക്കളുടെ റോയൽറ്റി വിതരണത്തെക്കുറിച്ചാണ്. ഓരോ സംസ്ഥാനത്തിനും അങ്ങനെ തീരുമാനിക്കാൻ അവകാശമുണ്ടെങ്കിലും ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ധാതു വിലകൾ ഉണ്ടാകുമെന്നതിനാൽ ഞങ്ങൾ ഒരു തിരുത്തൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. ഇതിന് അന്താരാഷ്ട്ര പ്രത്യാഘാതങ്ങളുണ്ട്. ഇത് ഫെഡറൽ ഘടനയെയും ബാധിക്കും’ എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനോട് വാദം കേൾക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും ജനുവരിയിൽ കേന്ദ്രത്തിന്റെ ഹരജി പരിശോധിക്കാൻ ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
കേസിന്റെ പശ്ചാത്തലം
ആഗസ്റ്റ് 14 ന്, ധാതു നികുതിയിൽ നിന്ന് കേന്ദ്രം പിരിച്ചെടുത്ത റോയൽറ്റി തുക റീഫണ്ടായി ആവശ്യപ്പെടാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെന്ന് ഭരണഘടനാ ബെഞ്ച് വിധിക്കുകയും ( എട്ടിലൊന്ന് ഭൂരിപക്ഷത്തോടെ) വിപരീത വീക്ഷണം സ്വീകരിച്ച മറ്റൊരു ഭരണഘടനാ ബെഞ്ചിന്റെ 35 വർഷം പഴക്കമുള്ള വിധി റദ്ദാക്കുകയും ചെയ്തു.
ആഗസ്റ്റ് 14ലെ ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും അതിന്റെ ഘടകങ്ങളും സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ ഒക്ടോബർ 4ന് സുപ്രീംകോടതി തള്ളിക്കളഞ്ഞു. അഭിഭാഷകരുടെയോ വ്യവഹാരികളുടെയോ സാന്നിധ്യമില്ലാതെ ജഡ്ജിമാരുടെ അടച്ചിട്ട മുറികളിലാണ് റിവ്യൂ ഹരജികൾ കേൾക്കേണ്ടതെന്ന ഹരജിയും കോടതി തള്ളി.
ആഗസ്റ്റിലെ വിധിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച ഏക ജഡ്ജിയായ ജസ്റ്റിസ് ബി.വി. നാഗരത്ന ഒക്ടോബർ 4ന് തന്റെ നിലപാട് ആവർത്തിച്ചു. ധാതുക്കളുടെ നികുതി പിരിക്കാൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂവെന്നും സംസ്ഥാനങ്ങൾക്ക് അത്തരമൊരു അവകാശമില്ലെന്നുമായിരുന്നു അത്.
ആഗസ്റ്റ് 14 ലെ യഥാർത്ഥ വിധിന്യായത്തിൽ റോയൽറ്റി നിഷേധം സംസ്ഥാനങ്ങൾക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ഒടുവിൽ സാധാരണക്കാരെ ബാധിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു. റീഫണ്ടിനുള്ള കട്ട് ഓഫ് കാലയളവ് 2005 ഏപ്രിൽ ആയിരിക്കുമെന്നും 2024 ജൂലൈ 25 ന് മുമ്പുള്ള കാലയളവിലേക്കുള്ള പലിശയും പിഴയും എല്ലാ നികുതിദായകർക്കും കൊടുത്ത് ഒഴിവാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. തുടർന്ന്, വിധിക്കെതിരെ സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും വീണ്ടും അപേക്ഷ നൽകി. അതും നിരസിക്കപ്പെട്ടു. ഇതിന്റെയെല്ലാം ഒടുവിലാണ് കേന്ദ്രം പുതിയ ‘ തിരുത്തൽ ഹരജി’യുമായി അന്തിമ നീക്കത്തിനിറങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

