രണ്ടു ലക്ഷം സഹകരണ സംഘങ്ങൾ തുടങ്ങാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: രണ്ടു ലക്ഷം പുതിയ സഹകരണ സംഘങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ, ക്ഷീര സഹകരണ സംഘങ്ങൾ, മത്സ്യതൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവ ഇല്ലാത്ത ഗ്രാമ-പഞ്ചായത്ത് തലങ്ങളിൽ അഞ്ചു വർഷത്തിനകം അവ രൂപവത്കരിക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
രാജ്യത്തിന്‍റെ മുക്കുമൂലകളിൽ സഹകരണ മേഖലയുടെ പ്രവർത്തനം എത്തിക്കുകയാണ് ലക്ഷ്യം. നബാർഡ്, ദേശീയ ക്ഷീര വികസന ബോർഡ്, മത്സ്യബന്ധന വികസന ബോർഡ് എന്നിവ സംഘങ്ങൾ സ്ഥാപിക്കുന്നതിന് സഹായം നൽകും. പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്കായി മാതൃക നിയമാവലി തയാറാക്കി കേന്ദ്രം ഇതിനകം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ട്. സംസ്ഥാന സഹകരണ നിയമത്തിൽ അതനുസരിച്ച മാറ്റം വരുത്തണമെന്ന താൽപര്യത്തോടെയാണിത്.
രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങളുടെയും ഡേറ്റ ശേഖരിക്കുന്നുണ്ട്. ദേശീയ സഹകരണ ഡേറ്റ ബേസ് തയാറാക്കാനും മാപ്പിങ്ങിനും വേണ്ടിയാണിത്. തുടർന്ന് സഹകരണ സംഘങ്ങളെ ബന്ധിപ്പിച്ച് ഓൺലൈൻ പോർട്ടൽ കൊണ്ടുവരും. ഇതിൽ നിന്ന് സഹകരണ മേഖലയുടെ പ്രവർത്തനം എത്താത്തതും ദുർബലവുമായ പ്രദേശങ്ങൾ കണ്ടെത്താനും പുതിയവ തുടങ്ങാനുമാണ് പദ്ധതി.
ക്ഷീരവികസന പദ്ധതി, ക്ഷീര സംസ്കരണ-അടിസ്ഥാന സൗകര്യ വികസന നിധി, പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന തുടങ്ങിയവ പുതിയ പദ്ധതിയിൽ സംയോജിപ്പിക്കും. വായ്പ, സംസ്കരണം, വിപണനം തുടങ്ങി സഹകരണ സംഘങ്ങൾക്ക് ചുവടുവെക്കാവുന്ന 25 പ്രവർത്തന പദ്ധതികളും മുന്നോട്ടുവെച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾക്ക് സഹകരണ മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ മന്ത്രിതല സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
രാജ്യത്ത് 98,995 പ്രാഥമിക കാർഷിക വായ്പ സംഘങ്ങളിലായി 13 കോടി അംഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. 1,99,182 ക്ഷീരസംഘങ്ങളുണ്ട്. ഇതിൽ ഒന്നരക്കോടിയാണ് അംഗങ്ങൾ. 25,297 ഫിഷറീസ് സഹകരണ സംഘങ്ങളിൽ 38 ലക്ഷം അംഗങ്ങളുണ്ട്. അതേസമയം, 1.6 ലക്ഷം പഞ്ചായത്തുകളിൽ ഇനിയും പ്രാഥമിക കാർഷിക വായ്പ സംഘങ്ങളില്ല. ക്ഷീരസംഘങ്ങളില്ലാത്ത രണ്ടു ലക്ഷം പഞ്ചായത്തുകളുണ്ട്.
സഹകരണത്തിന് പ്രത്യേക മന്ത്രാലയം രൂപവത്കരിച്ച് ഈ മേഖലയിൽ സ്വാധീനം വിപുലപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ. കാർഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളിൽ വായ്പയും മറ്റു സഹായങ്ങളും ലഭ്യമാക്കാൻ കഴിഞ്ഞാൽ പ്രാദേശിക തലത്തിൽ രാഷ്ട്രീയമായി മുതൽക്കൂട്ടാവുമെന്ന കണക്കുകൂട്ടൽ ബി.ജെ.പിക്കുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

