നീറ്റ് പരീക്ഷക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവം: കേന്ദ്രം അന്വേഷണത്തിന്; റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി
text_fieldsന്യൂഡൽഹി/കൊല്ലം: കൊല്ലം ആയൂർ മാർത്തോമ്മ കോളജിൽ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചു. സമിതി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
അതേസമയം, സംഭവത്തിൽ അഞ്ചുവനിത ജീവനക്കാരെ അറസ്റ്റ്ചെയ്തു. കോളജ് ശുചീകരണ ജീവനക്കാരായ ആയൂര്‍ കമ്പംകോട് മുട്ടത്തുകോണം പുളിയറ പുത്തന്‍വീട്ടില്‍ എസ്. മറിയാമ്മ, തുണ്ടില്‍ പടിഞ്ഞാറ്റതില്‍ കെ. മറിയാമ്മ, സ്റ്റാര്‍ സെക്യൂരിറ്റി ജീവനക്കാരായ കല്ലുമല രേവതിയില്‍ ഗീതു, മഞ്ഞപ്പാറ ജിജി വിലാസത്തില്‍ ബീന, കടുത്താനത്ത് ഹൗസില്‍ ജ്യോത്സ്‌ന ജോബി എന്നിവരാണ് അറസ്റ്റിലായത്.
സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനുമാണ് കേസെടുത്തത്. അതിനിടെ, ആറു വിദ്യാർഥിനികൾകൂടി സമാന പരാതിയുമായി എത്തി. കോളജിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി.
പൊലീസ് വലയം ഭേദിച്ച് കാമ്പസിൽ കടന്ന പ്രതിഷേധക്കാർ കോളജിന്‍റെ പത്തോളം ജനാലകൾ അടിച്ചു തകർത്തു. സംഘർഷത്തിൽ നാലു പൊലീസുകാർക്കും ലാത്തിച്ചാർജിൽ നിരവധി പേർക്കും പരിക്കേറ്റു.
വിഷയം ദേശീയതലത്തിൽതന്നെ ചർച്ചയാകുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിട്ടും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന നിലപാടാണ് നാഷനൽ ടെസ്റ്റിങ് ഏജൻസിയും (എൻ.ടി.എ) പരീക്ഷ നടത്തിപ്പിന് ചുമതലപ്പെട്ടവരും കൈക്കൊണ്ടിരിക്കുന്നത്.
അതേസമയം എൻ.ടി.എ തന്നെയാണ് വസ്തുതാന്വേഷണ സമിതിയുണ്ടാക്കുകയെന്ന് കേന്ദ്ര സർക്കാർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. സംഭവത്തില്‍ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന വാദവുമായി കോളജ് അധികൃതരും രംഗത്തെത്തി. പരീക്ഷ നടത്തിപ്പിന്‍റെ പൂർണ ഉത്തരവാദിത്തം ഏജൻസിക്കാണ്. ദേഹപരിശോധന നടത്തിയത് നാഷനൽ ടെസ്റ്റിങ് ഏജൻസിയാണെന്ന് അവർ പറഞ്ഞു. പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചിട്ടുണ്ട് എന്നാണ് പൊലീസിന് വ്യക്തമായിരിക്കുന്നത്. തിരുവനന്തപുരത്തെ സ്റ്റാർ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെയായിരുന്നു പരീക്ഷയുടെ സുരക്ഷ ചുമതല ഏൽപിച്ചിരുന്നത്. ഇവർ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാർ നൽകി. കോളജിൽ എത്തിയ സൈബർ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഏജൻസി ജീവനക്കാരെയും കോളജ് അധികൃതരെയും കൊട്ടാരക്കര പൊലീസ് ചോദ്യം ചെയ്തു. വനിത കമീഷൻ അംഗം ഷാഹിദ കമാലും കോളജ് സന്ദർശിച്ച് മൊഴിയെടുത്തു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി എന്നിവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി നാഷനൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ വിനീത് ജോഷിക്കും അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി.
കേരളത്തിൽനിന്നുള്ള എം.പിമാരായ കെ. മുരളീധരൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, എ.എം ആരിഫ് എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നുവെങ്കിലും സ്പീക്കർ ഓം ബിർല അനുമതി നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

