കോവിഡ് തടയാൻ കേന്ദ്രം മുന്നിട്ടിറങ്ങണം - സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വാക്സിൻ വരുന്നതു വരെ കോവിഡ് തടയാൻ കടുത്ത നടപടികൾ കൈക്കൊള്ളണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് നിർദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ തന്നെ മുന്നിട്ടിറങ്ങണമെന്നും സുപ്രീംകോടതി നിർദേശിച്ചു. സംസ്ഥാന സർക്കാറുകൾ മഹാമാരിയെ നേരിടാൻ രാഷ്ട്രീയത്തിനതീതമായി സന്ദർഭത്തിനൊത്തുയരണമെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.
കോവിഡ് വ്യാപനത്തിെൻറ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലേക്കിട്ട് രക്ഷപ്പെടാൻ കേന്ദ്രം ശ്രമിച്ചതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ അഭിപ്രായപ്രകടനം. രാജ്യത്ത് കോവിഡ് നിയന്ത്രണാതീതമായിട്ടുണ്ട്. മാർച്ച് മുതൽ കാര്യങ്ങൾ മോശമായ അവസ്ഥയിൽനിന്ന് കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഡൽഹിയിൽ കോവിഡ് പടരുന്നത് തടയാൻ ആം ആദ്മി പാർട്ടി സർക്കാർ നടപടികളെടുത്തില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ കുറ്റപ്പെടുത്തി. തണുപ്പുകാലവും വായുമലിനീകരണവും ആഘോഷങ്ങളും വരുന്നത് കോവിഡ് ഏറ്റുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. 15,000 കോവിഡ് കേസുകൾ ദിനേന വരുമെന്നും അതിനുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാൽ ഐ.സി.യുവിലെ ബെഡുകളും പരിശോധനകളുടെ എണ്ണവും കൂട്ടാൻ ഡൽഹി തയാറായില്ല. രാജ്യത്തെ 77 ശതമാനം കോവിഡ് കേസുകളും 10 സംസ്ഥാനങ്ങളിൽനിന്നാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
എല്ലാ ദിവസവും നടക്കുന്ന ആഘോഷങ്ങളും ഘോഷയാത്രകളും ഞങ്ങൾ കാണുന്നുണ്ട് എന്ന് സുപ്രീംകോടതി പ്രതികരിച്ചു. 60 ശതമാനം ആളുകളും മാസ്കുകൾ ധരിക്കുന്നില്ല. കടുത്ത നടപടികളെടുത്തില്ലെങ്കിൽ കേന്ദ്രം നടത്തിയ പരിശ്രമങ്ങളത്രയും പാഴാകും. ഗുജറാത്തിലെ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് അഞ്ചുപേർ മരിച്ച സംഭവം സുപ്രീംകോടതി സ്വമേധയാ കേസാക്കി. ഇതാദ്യമായല്ല കോവിഡ് ആശുപത്രിയിൽ തീപിടിത്തമുണ്ടാകുന്നതെന്നും ഇവ തടയുന്നതിന് സംസ്ഥാന സർക്കാറുകൾ നടപടി കൈക്കൊള്ളുന്നില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

