
സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ വെൻറിലേറ്ററുകളുടെ പ്രവർത്തനം ഓഡിറ്റ് ചെയ്യണം -മോദി
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പരിശോധന വർധിപ്പിക്കുകയും ആരോഗ്യസംരക്ഷണ സൗകര്യങ്ങളിലും ഗ്രാമീണ മേഖലയിലെ ഓക്സിജൻ വിതരണത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ചില സംസ്ഥാനങ്ങളിൽ വെൻറിലേറ്ററുകൾ ഉപയോഗ്യശൂന്യമായി കിടക്കുകയാണെന്ന റിപ്പോർട്ട് വന്നിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന വെൻറിലേറ്ററുകൾ സ്ഥാപിക്കുന്നതും അവ പ്രവർത്തിപ്പിക്കുന്നതും സംബന്ധിച്ച് അടിയന്തര ഓഡിറ്റ് നടത്തണമെന്നും മോദി പറഞ്ഞു. ആവശ്യമെങ്കിൽ ഇവ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം ആരോഗ്യ പ്രവർത്തകർക്ക് നൽകണം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിൽ പ്രാദേശികവൽക്കരിച്ച കണ്ടെയ്ൻമെൻറ് സോണുകളാണ് ആവശ്യം. കോവിഡിെൻറ രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഓക്സിജൻ ഉറപ്പുവരുത്താൻ വിതരണ പദ്ധതി ആവിഷ്‌കരിക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.
വീടുതോറുമുള്ള പരിശോധനയും ആരോഗ്യ വിഭവങ്ങളുടെ നിരീക്ഷണവും ശക്തമാക്കണം. മാർച്ച് തുടക്കത്തിൽ ആഴ്ചയിൽ 50 ലക്ഷം ടെസ്റ്റുകളിൽനിന്ന് ഇപ്പോൾ 1.3 കോടിയായി പരിശോധന അതിവേഗം ഉയർന്നിട്ടുണ്ട്.
അതേസമയം, തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതി കോവിഡ് കണക്കുകൾ തെറ്റായി സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്യരുത്. വാക്സിനേഷൻ വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
