വീണ്ടും വരും, പുതിയ മഹാരാഷ്ട്ര സൃഷ്ടിക്കാനെന്ന് ഫഡ്നാവിസ്, ഉദ്ധവിന്റെ രാജിക്ക് പിന്നാലെ ബി.ജെ.പി ക്യാമ്പുകളിൽ ആഘോഷം
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ബി.ജെ.പി ക്യാമ്പ് ആഘോഷ ലഹരിയിൽ. മുംബൈയിലെ താജ് ഹോട്ടലിൽ ബി.ജെ.പി നേതാക്കൾ മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ആഘോഷങ്ങളുടെ കേന്ദ്ര സ്ഥാനത്ത് ദേവേന്ദ്ര ഫഡ്നാവിസായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഗവർണറെ കണ്ട് ഉദ്ധവ് ഭരണത്തിന് അവസാനം കുറിച്ചത് ഫഡ്നാവിസാണ്.
നേതൃത്വത്തെ മാറ്റാൻ ഒരുങ്ങുകയാണെന്ന് സൂചിപ്പിച്ച് ഫഡ്‌നാവിസ് മറാത്തിയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് മഹാരാഷ്ട്ര ബി.ജെ.പി ട്വീറ്റ് ചെയ്തിരുന്നു. വിഡിയോയിലെ അടിക്കുറിപ്പിൽ, 'ഞാൻ വീണ്ടും വരും. പുതിയ മഹാരാഷ്ട്ര സൃഷ്ടിക്കാൻ! ജയ് മഹാരാഷ്ട്ര' എന്ന് എഴുതിയിരുന്നു.
'ഞങ്ങൾ എല്ലാം നാളെ നിങ്ങളോട് പറയും' ഫഡ്‌നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'മഹാരാഷ്ട്രയുടെ ഭരണത്തിന്റെ ഇരുണ്ട കാലഘട്ടങ്ങളിലൊന്നാണ് അവസാനിച്ചത്. പ്രത്യയശാസ്ത്ര പാപ്പരത്തം, സമാനതകളില്ലാത്ത അഴിമതി, ഭരണ സംവിധാനങ്ങളുടെ തകർച്ച, ഊർജ്ജസ്വലമായ സാമ്പത്തിക അന്തരീക്ഷം നഷ്ടമാകൽ എന്നിവയാണ് ഈ കാലഘട്ടം കണ്ടത്' -മുതിർന്ന ബി.ജെ.പി നേതാവ് ബി.എൽ സന്തോഷ് ട്വീറ്റ് ചെയ്തു.
വിശ്വാസ വോട്ട് നേടാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതിന് പിറകെ ഉദ്ധവ് താക്കറെ രാജിവെക്കുകയായിരുന്നു. സർക്കാറുണ്ടാക്കാൻ ഫട്നാവിസ് അവകാശവാദം ഉന്നയിക്കുമെന്നാണ് കരുതുന്നത്. വിമത ശിവസേനാ എം.എൽ.എ ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

