വിമാനാപകട ദുരന്താചരണത്തിനിടെ ആഘോഷം; നാല് ജീവനക്കാരെ പുറത്താക്കി എഐസാറ്റ്സ് ഖേദം പ്രകടിപ്പിച്ചു
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹ്മദാബാദ് വിമാനാപകടത്തിന്റെ ദുഃഖം മാറുംമുമ്പേ ഓഫിസിൽ ആഘോഷം സംഘടിപ്പിച്ച സംഭവത്തിൽ നാലുപേരെ പുറത്താക്കി ഗ്രൗണ്ട്, കാര്‍ഗോ ഹാന്ഡ്ലിങ് കമ്പനിയായ ‘എഐസാറ്റ്സ്’. എയർ ഇന്ത്യയും സിംഗപ്പൂർ ആസ്ഥാനമായുള്ള സാറ്റ്സ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണ് എഐസാറ്റ്സ്.
അപകടത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി എയര്‍ ഇന്ത്യയും ടാറ്റ ഗ്രൂപ്പും സമൂഹമാധ്യമങ്ങളിലടക്കം കറുപ്പ് നിറം അണിഞ്ഞ് ദുഃഖമാചരിക്കുന്നതിടെയാണ് ജീവനക്കാര്‍ ഗുരുഗ്രാമിലെ ഓഫിസില്‍ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നത്. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നതോടെ പരിപാടിയിൽ പങ്കെടുത്ത ചീഫ് ഓപറേറ്റിങ് ഓഫിസർ എബ്രഹാം സക്കറിയ, രണ്ട് സീനിയർ വൈസ് പ്രസിഡന്റുമാർ, പരിശീലന മേധാവി എന്നിവരെ കമ്പനി പിരിച്ചുവിടുകയായിരുന്നു. പാര്‍ട്ടി നടന്ന സംഭവത്തില്‍ എഐസാറ്റ്സ് ഖേദം പ്രകടിപ്പിച്ചു.
എ.ഐ 171 ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് എഐസാറ്റ്സ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു, ഇതിനിടെയുണ്ടായ ആഘോഷത്തിൽ ഖേദിക്കുന്നു. പെരുമാറ്റം ഞങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. സഹാനുഭൂതി, പ്രഫഷണലിസം, ഉത്തരവാദിത്തം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉറപ്പിച്ചു പറയുന്നു. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടുണ്ടെന്ന് എഐസാറ്റ്സ് വ്യക്തമാക്കി. എഐസാറ്റ്സിൽ എയർ ഇന്ത്യയുടെ മാതൃകമ്പനിയായ ടാറ്റക്കും സാറ്റ്സ് ലിമിറ്റഡ് കമ്പനിക്കും 50 ശതമാനം വീതം ഓഹരിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

