രാജിക്കായി സമ്മർദം ശക്തം, ഗ്യാനേഷ് കുമാർ ഛത്തീസ്ഗഢ് സന്ദർശനം നീട്ടിവെച്ചു
text_fieldsഗ്യാനേഷ് കുമാർ
ന്യൂഡൽഹി: എസ്.ഐ.ആർ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാജി ആവശ്യം ശക്തമാക്കുന്നതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രണ്ടുദിവസത്തെ ഛത്തീസ്ഗഢ് സന്ദർശനം നീട്ടിവെച്ചു.
ഈമാസം ഏഴ്, എട്ടു തീയതികളിലാണ് സന്ദർശനം തീരുമാനിച്ചിരുന്നത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യ എം.പിമാർ ചൊവ്വാഴ്ച ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ചിനു പിന്നാലെയാണ് സന്ദർശനം നീട്ടിവെച്ചെന്ന വിവരം പുറത്തുവരുന്നത്. ദന്തേവാഡ ജില്ലയിലെ പ്രശസ്തമായ ദന്തേശ്വരി മാതാ ക്ഷേത്രം, ബസ്തറിലെ ചിത്രകൂട് വെള്ളച്ചാട്ടം, കവർധ ജില്ലയിലെ ഭോറാംദേവ് ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കാനാണ് ഗ്യാനേഷ് ഛത്തീസ്ഗഢ് സന്ദർശനം നിശ്ചയിച്ചിരുന്നത്.
കമീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ടായിരുന്നു. സന്ദർശന വേളയിൽ ഗ്യാനേഷ് കുമാർ സംസ്ഥാനത്തിന്‍റെ അതിഥിയായിരിക്കുമെന്ന് ഛത്തീസ്ഗഢിലെ ചീഫ് ഇലക്ടറൽ ഓഫിസറുടെ ഓഫീസ് ചൊവ്വാഴ്ച പുറത്തിറക്കിയ നോട്ടീസിൽ പറഞ്ഞിരുന്നു. സന്ദർശനത്തിന് ആവശ്യമായ പ്രോട്ടോക്കോൾ ക്രമീകരണങ്ങൾ നടത്താനും ബന്ധപ്പെട്ടവർക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ, ഗ്യാനേഷ് കുമാറിന്റെയും കമീഷനിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും ഛത്തീസ്ഗഢ് സന്ദർശന പരിപാടി തെരഞ്ഞെടുപ്പ് കമീഷൻ മാറ്റിവെച്ചതായി അറിയിക്കുന്നു. സന്ദർശനത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
ഗ്യാനേഷിന്‍റെ രാജി ആവശ്യത്തിൽ സമരം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി ഇൻഡ്യ സഖ്യ എം.പിമാരോട് ഡൽഹി വിട്ടുപോകരുതെന്ന് നേതാക്കൾ നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചിനും മണിക്കൂറുകൾ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധങ്ങൾക്കും ഒടുവിലാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും എം.പിമാരെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.
രാഹുലിനെയും എം.പിമാരെയും ബലമായി കസ്റ്റഡിയിലെടുത്താണ് ഡൽഹി പൊലീസ് ആകാശവാണി ഭവൻ ഒഴിപ്പിച്ചത്. എം.പിമാരായ കെ.സി. വേണുഗോപാൽ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും കസ്റ്റഡിയിലെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു രാഹുലും നേതാക്കളും. എന്നാൽ, ഈമാസം 15ന് കാണാമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. നാളെത്തന്നെ കാണണമെന്ന ആവശ്യത്തിൽ രാഹുൽ ഉറച്ചുനിന്നതോടെയാണ് പൊലീസ് വൻ സന്നാഹവുമായെത്തി എം.പിമാരെയും പിന്നാലെ രാത്രി എട്ടോടെ രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തത്. രാഹുലിന് വലയം തീർത്ത എം.പിമാരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്.
ഇൻഡ്യ മുന്നണി പാർലമെന്‍റ് സ്ട്രീറ്റിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് അസാധാരണ സംഭവങ്ങൾക്ക് വേദിയായത്. മാർച്ച് പൊലീസ് തടഞ്ഞതോടെ രാഹുൽ ഗാന്ധിയും ഇൻഡ്യ മുന്നണിയിലെ എം.പിമാരും ആകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് നീക്കാനുള്ള പൊലീസ് ശ്രമം പലതവണ എം.പിമാർ പ്രതിരോധിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനത്തിൽനിന്ന് ജനൽ വഴി പുറത്തിറങ്ങാനുള്ള രാഹുലിന്‍റെ ശ്രമം ഫലം കണ്ടില്ല. നോർത്ത് ഡൽഹിയിലെ കിങ്സ് വേ ക്യാമ്പിലേക്കാണ് നേതാക്കളെ കൊണ്ടുപോയത്. രണ്ടു മണിക്കൂറിനുശേഷം വിട്ടയക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

