കുപ്‍വാരയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ
text_fieldsപ്രതീകാത്മക ചിത്രം
കുപ്‍വാരയിലെ അതിർത്തി ജില്ലയിലെ നൗഗാം സെക്ടറിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ശനിയാഴ്ച വൈകുന്നേരം നൗഗാം സെക്ടറിലെ ലിപ താഴ്‌വരയിലെ നിയന്ത്രണരേഖയിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ സൈനികർ ഒരു പ്രകോപനവുമില്ലാതെ വെടിയുതിർത്തതായി വൃത്തങ്ങൾ അറിയിച്ചു. ഇതിന് സൈന്യം ഉചിതമായ മറുപടി നൽകി. വെടിവെപ്പിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.ശനിയാഴ്ച അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാകിസ്താന്റെ ഒരു ഡ്രോൺ നിരീക്ഷണം നടത്തുന്നതായി സൂചന ലഭിച്ചു. തുടർന്ന് ആർഎസ് പുര സെക്ടറിലെ ജജോവൽ ഗ്രാമത്തിലേക്ക് ഡ്രോൺ കയറിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് അതിർത്തി രക്ഷസേന (ബി.എസ്.എഫ്) ഉദ്യോഗസ്ഥർ സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു.
വൈകുന്നേരം ഏഴോടെ ഇന്ത്യൻ അതിർത്തിക്ക് മുകളിലൂടെ ഡ്രോൺ പറക്കുന്നത് കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേത്തുടർന്ന്, അതിർത്തി ഔട്ട്‌പോസ്റ്റുകളായ ചക്രോയ്, ജുഗ്നുചക് എന്നിവയുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ബി.എസ്.എഫ് സംഘങ്ങൾ തീവ്രമായ തിരച്ചിൽ നടത്തി. ഇതേ സുരക്ഷ കാരണങ്ങളാൽ ജമ്മു- കശ്മീരിലെ അനന്ത്‌നാഗ് ജില്ല ഭരണകൂടം ഡ്രോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ പറത്തുന്നത് നിരോധിച്ചു.സെപ്തംബർ 16നും അതിർത്തിക്കപ്പുറത്തുനിന്ന് ഇത്തരത്തിലുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടതിനെ തുടർന്ന് ബിഎസ്എഫ് ഒരു തിരച്ചിൽ നടത്തിയിരുന്നു. സുരക്ഷ വേലിക്ക് സമീപത്തുനിന്ന് എകെ-47 തോക്കും വെടിയുണ്ടകളും കണ്ടെടുത്തിരുന്നു.
അതേസമയം ഉധംപുരിൽ രണ്ടാം ദിവസവും ഏറ്റുമുട്ടൽ തുടരുകയാണ് പരിക്കേറ്റ സൈനികൻ മരിച്ചു. ദുദ്ദു-ബസന്ത്ഗഢ് മേഖലയിലെ സിയോജ് ധർ വനമേഖലയിൽ ഭീകരരുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിൽ ശനിയാഴ്ച ആർമി ലാൻസ് ദഫേദാർ ബൽദേവ് ചന്ദാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ബൽദേവിന് ഉടൻ വൈദ്യസഹായം നൽകിയെങ്കിലും മരിക്കുകയായിരുന്നു. സുരക്ഷസേനയും പൊലീസ് സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പിന്റെയും (എസ്ഒജി) സംയുക്ത സംഘം തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. ബൽദേവിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി.
ഭീകരർ രക്ഷപ്പെടുന്നത് തടയാൻ ഇന്നലെ രാത്രി മുതൽ സുരക്ഷസേന പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്. കൂടുതൽ സുരക്ഷ സേനയെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്, അതേസമയം വ്യോമ നിരീക്ഷണത്തിനായി ഹെലികോപ്ടറുകളും ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളുടെയും സ്നിഫർ നായ്കളുടെയും സഹായത്തോടെ ഉധംപൂർ, ദോഡ പ്രദേശങ്ങളിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

