‘ലാഭം മാത്രം നോക്കാതെ അൽപം രാജ്യസ്നേഹം കാണിക്കൂ’ പ്രതിരോധ കമ്പനികളോട് പൊട്ടിത്തെറിച്ച് സി.ഡി.എസ്, കണക്കുകളും ശേഷിയും പെരുപ്പിച്ച് കാണിക്കുന്നുവെന്നും വിമർശനം
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്ന് ലാഭക്കൊതിക്ക് അപ്പുറം അൽപം ദേശീയതയും രാജ്യസ്നേഹവും പ്രതീക്ഷിക്കുന്നുണ്ടെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ജനറൽ അനിൽ ചൗഹാൻ. അടിയന്തിര പ്രാധാന്യമുള്ള കരാറുകളിൽ പോലും ഉൽപ്പന്നങ്ങൾ കൃത്യസമയത്ത് എത്തിക്കുന്നതിൽ കമ്പനികൾ വീഴ്ച വരുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
‘പ്രതിരോധ രംഗത്തെ പരിഷ്‍കാരങ്ങൾ എന്നത് ഒരുദിശയിലേക്ക് മാത്രം സഞ്ചരിക്കാനാവുന്ന പാതയല്ല. തങ്ങളുടെ ഉത്പാദന ശേഷിയെ കുറിച്ച് തദ്ദേശീയ കമ്പനികൾ ഞങ്ങളോട് സത്യസന്ധത പുലർത്തേണ്ടതുണ്ട്. കരാർ ഒപ്പിട്ട ശേഷം നിർദിഷ്ട കാലാവധി കഴിഞ്ഞും കാത്തിരിക്കേണ്ടി വരുന്നത് ശരിയായ കാര്യമല്ല. കമ്പനികൾ ഒരു കരാറിൽ ഒപ്പുവെച്ച് ആ പ്രത്യേക സമയപരിധിക്കുള്ളിൽ വിതരണം ചെയ്യാത്തപ്പോൾ, സൈന്യത്തിന് ഒരു ശേഷി നഷ്ടപ്പെടുന്നുവെന്ന് മനസിലാക്കണം,’ യു.എസ്.ഐ സെമിനാറിൽ സംസാരിക്കവെ സി.ഡി.എസ് പറഞ്ഞു.
അടിയന്തര സംഭരണ സംവിധാനത്തിന്റെ (എമർജൻസി പ്രൊക്യൂർമെന്റ് മെക്കാനിസം, ഇ.പി) അഞ്ചാമത്തെയും ആറാമത്തെയും ഘട്ടങ്ങളിൽ മിക്ക ഇന്ത്യൻ കമ്പനികളും അമിത വാഗ്ദാനങ്ങൾ നൽകിയെങ്കിലും നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് സൈന്യം തന്നെ അറിയിച്ചിട്ടുണ്ടെന്നും സി.ഡി.എസ് പറഞ്ഞു.
ദീർഘകാല ആയുധ സംഭരണ നടപടി ക്രമങ്ങൾക്ക് പുറമെ, ഒരുവർഷത്തിൽ 300 കോടിയുടെ അധിക, അടിയന്തിര ആയുധ സംഭരണം നടത്താൻ സായുധ സേനക്ക് അനുമതി നൽകുന്നതാണ് ഇ.പി. ഇതിൽ അഞ്ചാംഘട്ടം ആഭ്യന്തര കമ്പനികൾക്ക് വേണ്ടി മാത്രം നീക്കിവെച്ചിരുന്നു. ഓപറേഷൻ സിന്ദൂറിന് പിന്നാലെ, ഇ.പി-6നും പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു.
വിദേശ, ആഭ്യന്തര സ്രോതസ്സുകൾ വഴി മിസൈലുകൾ, മറ്റ് ദീർഘദൂര ആയുധങ്ങൾ, ലോയിറ്റർ, പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണങ്ങൾ, കാമികേസ് ഡ്രോണുകൾ, കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ തുടങ്ങിയ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം സജ്ജീകരിക്കുന്നതിനും സംഭരിക്കുന്നതിനും സായുധ സേനകളെ സഹായിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി.
തദ്ദേശീയ ഉത്പാദകരെന്ന് അവകാശപ്പെടുന്ന കമ്പനികളിൽ പലതും വിദേശരാജ്യങ്ങളിൽ നിന്ന് യന്ത്രഭാഗങ്ങൾ ഇന്ത്യയിലെത്തിച്ച് കൂട്ടിയോജിപ്പിച്ച് കൈമാറുകയാണെന്ന ആരോപണമുണ്ട്. ‘പല കമ്പനികളും തങ്ങളുടെ ഉൽപ്പന്നം 70 ശതമാനം തദ്ദേശീയമാണെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ, വാസ്തവത്തിൽ പലപ്പോഴും അങ്ങിനെയല്ല. സ്ഥാപനങ്ങൾ വിഷയത്തിൽ സത്യസന്ധത പുലർത്തണം.’ വിഷയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് മനസിലാക്കണമെന്നും സി.ഡി.എസ് പറഞ്ഞു.
ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും അമിത വിലയെയും പ്രതിരോധ സ്റ്റാഫ് മേധാവി വിമർശിച്ചു. ‘നിർമാതാക്കൾ ചെലവ് സംബന്ധിച്ചും മത്സര ബുദ്ധിയുള്ളവരായിരിക്കണം. ഉൽപ്പന്നങ്ങൾ ഗുണമേൻമയുള്ളതും ചെലവ് കുറഞ്ഞതുമായാലേ അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കാനാവൂ,’ ജനറൽ ചൗഹാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

