അശ്ലീല വിഡിയോ: എസ്.ഐ.ടി അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് യുവതി
text_fieldsബംഗളൂരു: മുൻമന്ത്രി രമേശ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വിഡിയോ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്.െഎ.ടി) വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിയായ യുവതി കർണാടക ഹൈകോടതിക്ക് കത്തയച്ചു. തെൻറ എതിർപക്ഷത്തുള്ളവരുമായി ചേർന്ന് അന്വേഷണസംഘം തെളിവ് നശിപ്പിക്കുകയാണെന്ന് യുവതി കത്തിൽ ആരോപിച്ചു.
മാതാപിതാക്കളെ രമേശ് ജാർക്കിഹോളി പാട്ടിലാക്കിയിരിക്കുകയാണെന്നും താനുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് അവർക്കൊന്നുമറിയില്ലെന്നും യുവതി പറഞ്ഞു. സാധ്യമാവുന്ന വഴികളിലൂടെയെല്ലാം ബന്ധപ്പെട്ടവർ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണ്. തന്നെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. പ്രത്യേക അന്വേഷണ സംഘം രമേശ് ജാർക്കിഹോളിയും സർക്കാറും നിർദേശിക്കുന്നതിനനുസരിച്ചാണ് നീങ്ങുന്നതെന്നും യുവതി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

