സി.ബി.എസ്.ഇ ത്രിഭാഷാ നയത്തിൽ ഇളവ്; പത്താം ക്ലാസിലെ വിദ്യാർഥികൾ പുതിയ നയം പാലിക്കേണ്ടതില്ല
text_fieldsന്യൂഡൽഹി: ത്രിഭാഷാ നയത്തിൽ ഇളവ് വരുത്തി സി.ബി.എസ്.ഇ. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളുടെ നിലവിലെ ബാച്ചുകളിൽ രണ്ട് വിദേശ ഭാഷാ ഓപ്ഷൻ ഉണ്ടാകും. നിലവിൽ രണ്ട് വിദേശ ഭാഷകൾ എടുത്തു പഠിക്കുന്ന വിദ്യാർഥികൾക്ക് അത് അതേപടി തുടരുകയും അധികമായി ഒരു ഇന്ത്യൻ ഭാഷ എടുക്കുകയും ചെയ്യാം.
നിലവിലെ പത്താം ക്ലാസിലെ വിദ്യാർഥികൾ പുതിയ നയം പാലിക്കേണ്ടതില്ല. സി.ബി.എസ്.ഇ പുതുക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർഥികളും ത്രിഭാഷാ നയം പാലിക്കണമെന്നും അതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകൾ ആയിരിക്കണമെന്നും ആയിരുന്നു മെയ് മാസത്തിൽ പുറത്തിറക്കിയ സർക്കുലറിലെ വ്യവസ്ഥ. എന്നാൽ ഇടയ്ക്കുവെച്ച് പൊടുന്നനെ ഭാഷകൾ മാറേണ്ടി വരുമെന്ന ആശങ്കയിൽ ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, സ്‍പാനിഷ് മുതലായ ഭാഷകൾ എടുത്ത വിദ്യാർഥികളുടെ മാതാപിതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ത്രിഭാഷാ നയം നടപ്പാക്കുന്നത് സംബന്ധിച്ച് കർണാടകയിലെ സി.ബി.എസ്.ഇ സ്‍കൂളുകൾ വിശദീകരണം തേടുകയും ചെയ്തു.
തുടർന്ന്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് നിലവിൽ പഠിക്കുന്ന വിദേശ ഭാഷാ ഓപ്ഷനുമായി മുന്നോട്ടു പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ പത്താം ക്ലാസ് ബാച്ച് പുതിയ നയം അനുവർത്തിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ ബോർഡും വിശദമാക്കി. നിലവിൽ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്നവർക്ക് പത്താം ക്ലാസിലേക്ക് പ്രവേശിക്കുമ്പോൾ മൂന്നാം ഭാഷയിൽ ബോർഡ് പരീക്ഷ ഉണ്ടാവില്ല.
മൂന്ന് ഭാഷകൾ പഠിക്കണമെന്നും അതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകൾ ആയിരിക്കണമെന്നുമാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ശിപാർശ ചെയ്യുന്നത്. വിവിധ ഭാരതീയ ഭാഷകളിൽ പ്രാവീണ്യം നേടി ഭാഷാ പഠനത്തിന്‍റെ അഭിനിവേശം പ്രോത്സാഹിപ്പിക്കാനാണ് സി.ബി.എസ്.ഇ ലക്ഷ്യമിടുന്നതെന്നും, എന്നാൽ ഭാഷാ പഠനവും വളർച്ചയും തമ്മിൽ സന്തുലനം ഉറപ്പ് വരുത്താനുള്ള തുല്യ പ്രതിബദ്ധത ഉണ്ടെന്നും സി.ബി.എസ്.ഇ പ്രസ്താവനയിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

