ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥി പ്രേക്ഷാഭം; മന്ത്രി വസതിക്കുചുറ്റും നിരോധനാജ്ഞ
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രക്ഷോഭം ശക്തമായതോടെ മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കറിെൻറ വസതിക്കുചുറ്റും ഡൽഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹിയിൽ പലയിടങ്ങളിലും അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ മന്ത്രി ജാവ്ദേക്കറുടെ രാജിക്ക് കോൺഗ്രസ് സമ്മർദം ശക്തമാക്കി.
തിങ്കളാഴ്ച പാർലമെൻറിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. സി.ബി.എസ്.ഇ ആസ്ഥാനം എൻ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. ദേശീയ മനുഷ്യാവകാശ കമീഷനും കുട്ടികളുടെ അവകാശ സംരക്ഷണ കമീഷനും രക്ഷിതാക്കൾ പരാതി നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത പരിഹാസമാണ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച നടത്തിയത്. പരീക്ഷപ്പേടി എങ്ങനെ മറികടക്കാമെന്ന് പഠിപ്പിക്കുന്നതിന് ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകമെഴുതിയ ആളാണ് നരേന്ദ്ര മോദി. ചോദ്യപേപ്പർ ചോർച്ച വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാനുള്ള മാർഗങ്ങൾ അടങ്ങിയതാകും ‘എക്സാം വാരിയേഴ്സ് 2’ എന്ന അടുത്ത പുസ്തകമെന്നായിരുന്നു രാഹുലിെൻറ ട്വീറ്റ്.
ചോദ്യപേപ്പർ സുരക്ഷിതമാക്കാൻ സാധിക്കാത്തവർക്ക് രാജ്യത്തെ സംരക്ഷിക്കാൻ എങ്ങനെ സാധിക്കുമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു. ചോർച്ചയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാത്തത് അതിശയിപ്പിക്കുന്നു. സി.ബി.എസ്.ഇ ചോദ്യപേപ്പർ മാത്രമല്ല, സ്റ്റാഫ് സെലക്ഷൻ കമീഷൻ പരീക്ഷാ കുംഭകോണവും അടുത്തിടെയാണ് നടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സി.ബി.എസ്.ഇ ചെയർമാൻ തസ്തിക രണ്ട് വർഷമായി ഒഴിഞ്ഞുകിടക്കുന്നു. ഗുജറാത്ത് സ്വദേശി അനിത കർവാളിന് 2017 സെപ്റ്റംബർ മുതൽ സി.ബി.എസ്.ഇ മേധാവി സ്ഥാനം നൽകുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
