ന്യൂഡൽഹി: 28 ലക്ഷം വിദ്യാർഥികളെ ബാധിച്ച സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർത്തലിൽ അന്വേഷണം ശക്തമായതോടെ കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തി. രണ്ട് അധ്യാപകരും ട്യൂഷൻ സെൻറർ ഉടമയുമടക്കം മൂന്നുപേരെ ഞായറാഴ്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഡൽഹി ഭവാനയിലുള്ള മദർ ഖസാനി കോൺവൻറ് സ്കൂൾ അധ്യാപകരായ ഋഷഭ്, രോഹിത് എന്നിവരും ട്യൂഷൻ സെൻറർ ഉടമ തൗഖീറുമാണ് അറസ്റ്റിലായത്.
മാർച്ച് 26ന് നടന്ന പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ഇവർ ചോർത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. 9.45ന് പൊട്ടിക്കേണ്ട ചോദ്യപേപ്പർ കവർ ഋഷഭും രോഹിതും 9.20ന് പൊട്ടിച്ചു. തുടർന്ന് ചോദ്യപേപ്പറിെൻറ ഫോേട്ടാ വാട്സ്ആപ് വഴി തൗഖീറിന് അയച്ചുകൊടുത്തു. ഇയാൾ 2500 മുതൽ 3000 രൂപ വരെ ഇൗടാക്കി വിദ്യാർഥികൾക്ക് നൽകുകയായിരുന്നു.
ചോദ്യപേപ്പർ േചാർച്ചയുമായി ബന്ധെപ്പട്ട് അന്വേഷണ സംഘം നിരവധി വിദ്യാർഥികളെ ചോദ്യംചെയ്തിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും തൗഖീറിെൻറ പേര് പരാമർശിച്ചതായും പൊലീസ് വ്യക്തമാക്കി.