സി.ബി.എസ്.ഇ പിഴവ്; മുന്നറിയിപ്പുകൾ അവഗണിച്ചു
text_fieldsന്യൂഡൽഹി: വിവാദമായ ‘ഓൺ-സ്ക്രീൻ മാർക്കിങ്’ (ഒ.എസ്.എം) ഡിജിറ്റൽ സംവിധാനം സി.ബി.എസ്.ഇ തിടുക്കത്തിൽ നടപ്പാക്കിയത് സുരക്ഷാവീഴ്ച സംബന്ധിച്ച എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച്. പരീക്ഷ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് നടത്തിയ പരീക്ഷണ ഘട്ടത്തിൽ തന്നെ ഈ സംവിധാനത്തിന്റെ ഗുരുതരമായ സാങ്കേതിക തകരാറുകൾ അധ്യാപകർ അടക്കമുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം അവഗണിച്ച് പരിഷ്കാരം അടിച്ചേൽപിക്കുകയാണുണ്ടായത്. സി.ബി.എസ്.ഇയെ നിയന്ത്രിക്കേണ്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും വേണ്ട നടപടികൾ സ്വീകരിച്ചില്ല. ഒരു വർഷമെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ റീജനൽ ഓഫിസുകളിൽ നടപ്പിലാക്കി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ ഒ.എസ്.എം രാജ്യവ്യാപകമാക്കാവൂ എന്ന് 2025 ജൂണിൽ ഗവേണിങ് ബോഡി മുന്നറിയിപ്പ് നൽകിയിരുന്നു.
ജനുവരി രണ്ടാം വാരം ഡൽഹിയിലെ കേന്ദ്ര-സംസ്ഥാന-സ്വകാര്യ സ്കൂളുകളിലെ പ്രിൻസിപ്പൽമാരും അധ്യാപകരും പങ്കെടുത്ത മൂന്ന് ദിവസത്തെ മാതൃകാ പരിശോധനയിലാണ് സോഫ്റ്റ്വെയറിന്റെ പിഴവുകൾ ആദ്യമായി കണ്ടെത്തിയത്. അധ്യാപകർ കൂട്ടിനൽകിയ മാർക്ക് മൈനസ് ആയി മാറുക, ചോദ്യപേപ്പറിലെ ഉപചോദ്യങ്ങളുടെ മാർക്കുകൾ രേഖപ്പെടുത്താൻ കഴിയാതിരിക്കുക, എഴുതാത്ത പേജുകൾക്ക് പോലും മാർക്ക് വീഴുക, ‘അൺഡൂ’ ബട്ടൺ അമർത്തുമ്പോൾ സിസ്റ്റം പൂർണമായും നിശ്ചലമാവുക തുടങ്ങി 36ഓളം ഗുരുതരമായ സാങ്കേതിക-പ്രവർത്തന തകരാറുകൾ അധ്യാപകർ അന്ന് ചൂണ്ടിക്കാണിച്ചു. കൂടാതെ, പരമ്പരാഗത രീതിയിലേതുപോലെ അധ്യാപകർക്ക് പരസ്പരം ചർച്ച ചെയ്ത് മാർക്കുകൾ നിശ്ചയിക്കാനുള്ള അവസരം ഇല്ലാതാകുന്നത് ഉത്തരങ്ങൾ ശരിയായി വിലയിരുത്താതെ പേരിന് മാത്രം നോക്കി മാർക്കിടുന്ന രീതിയിലേക്ക് മൂല്യനിർണായം മാറാൻ കാരണമാകുമെന്നും അധ്യാപകർ മുന്നറിയിപ്പ് നൽകിയുരുന്നു. ഇതെല്ലാം അവഗണിച്ചായിരുന്നു മുമ്പ് തെലങ്കാനയിലെ പരീക്ഷാ മൂല്യനിർണയത്തിൽ വലിയ ക്രമക്കേട് വരുത്തി കരിമ്പട്ടികയിൽ പെടേണ്ടിവന്ന കമ്പനിക്ക് കരാർ നൽകിയത്.
മേയ് 13ന് ഫലം വന്നതുമുതൽ വിദ്യാർഥികൾ പരാതിയുമായി തെരുവിലിറങ്ങിയിട്ടും സി.ബി.എസ്.ഇയെ സംരക്ഷിച്ച ഭരണകൂടം, ഒടുവിൽ വിഷയം പാർലമെന്ററി സമിതിക്ക് മുന്നിലെത്തുകയും ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി വരുകയും ചെയ്തതോടെയാണ് മുഖം രക്ഷിക്കാൻ പേരിനെങ്കിലും നടപടിക്ക് തയാറായത്.
പുനർമൂല്യനിർണയം, അപേക്ഷകൾ 44,000 കടന്നു
ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിലെ പരാതികൾ പരിഹരിക്കാനുള്ള ഓൺലൈൻ പോർട്ടൽ വഴി ബുധനാഴ്ച ഉച്ചക്ക് 12 മണി വരെയുള്ള കണക്കനുസരിച്ച് 43,980 അപേക്ഷകൾ ലഭിച്ചതായി ബോർഡ് അറിയിച്ചു. ഇതിൽ ഉത്തരക്കടലാസുകളിലെ സാങ്കേതിക പിഴവുകൾ പരിശോധിക്കുന്നതിനായി 4,924 അപേക്ഷകളും, പുനർമൂല്യനിർണയത്തിനായി 39,056 അപേക്ഷകളുമാണ് ലഭിച്ചത്. ജൂൺ ആറ് അർധരാത്രി വരെയാണ് അപേക്ഷിക്കാനുള്ള അവസരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

