സി.ബി.എസ്.ഇ ‘ഓൺ-സ്ക്രീൻ മാർക്കിങ്’: തെളിവ് നിരത്തി വിദ്യാർഥി; മറ്റു വഴിയില്ലാതെ കേന്ദ്ര നടപടി
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇയുടെ ‘ഓൺ-സ്ക്രീൻ മാർക്കിങ്’ മൂല്യനിർണയ കരാറിലെ വൻ ക്രമക്കേടുകൾ 17 വയസ്സുകാരനായ വ്ലോഗർ ചൊവ്വാഴ്ച പാർലമെന്ററി സമിതിക്ക് മുന്നിൽ തെളിവ് സഹിതം സമർപ്പിച്ചതിന് തൊട്ടുപിന്നാലെ ബോർഡ് ചെയർമാനെയും സെക്രട്ടറിയെയും മാറ്റാൻ നിർബന്ധിതരായി കേന്ദ്ര സർക്കാർ.
കൃത്യമായ ആസൂത്രണത്തോടെയുള്ള ഈ നീക്കം രാഷ്ട്രീയ നേതൃത്വത്തെ സംരക്ഷിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള തന്ത്രം മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സാർത്ഥക് സിദ്ധാന്ത് എന്ന പ്ലസ് ടു വിദ്യാർഥിയാണ് സി.ബി.എസ്.ഇയുടെ ടെൻഡർ രേഖകൾ വിശദമായി പരിശോധിച്ച് ‘കോഎംപ്റ്റ് എഡ്യൂടെക്’ എന്ന വിവാദ കമ്പനിക്ക് കരാർ നൽകിയതിലെ അഴിമതി പുറത്തുകൊണ്ടുവന്നത്.
സി.ബി.എസ്.ഇ ടെൻഡർ ചട്ടങ്ങളിൽ കരിമ്പട്ടിക, യോഗ്യത തുടങ്ങിയ വ്യവസ്ഥകളിൽ 15ഓളം മാറ്റങ്ങൾ വരുത്തിയെന്ന് സാർത്ഥക് കണ്ടെത്തിയ വിവരങ്ങൾ കോൺഗ്രസ് എം.പി ദിഗ്വിജയ് സിങ് അധ്യക്ഷനായ പാർലമെന്ററി വിദ്യാഭ്യാസ സമിതിക്ക് മുന്നിൽ പ്രസന്റേഷനായി അവതരിപ്പിച്ചു.
വീഴ്ചകൾ കാരണം തെലങ്കാനയിൽ 23 വിദ്യാർഥികൾ ജീവനൊടുക്കേണ്ടി വന്ന പശ്ചാത്തലം ഈ കമ്പനിക്കുണ്ടെന്നും സാർത്ഥക് വിശദീകരിച്ചു.
വിദ്യാർഥിയുടെ പ്രസന്റേഷനുശേഷം സി.ബി.എസ്.ഇ നൽകിയ മറുപടികൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ നടപടി ഉണ്ടാകുന്നത്.
ഈ വർഷത്തെ സി.ബി.എസ്.ഇ 12ാം ക്ലാസ് വിജയശതമാനം ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതോടെയാണ് സി.ബി.എസ്.ഇയുടെ കെടുകാര്യസ്ഥതയും അഴിമതിയും പുറത്തുവന്നു തുടങ്ങിയത്.
വിദ്യാർഥികൾക്ക് ലഭിച്ച സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിൽ പലതും വ്യക്തമല്ലാത്തതും പേജുകൾ നഷ്ടപ്പെട്ടതുമായിരുന്നു.ഇതിനകം 1.29 ലക്ഷത്തിലധികം വിദ്യാർഥികളാണ് പുനർമൂല്യനിർണയത്തിനായി അപേക്ഷിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

