മുഗൾ ചരിത്രവും ഫൈസിന്റെ കവിതയും ഒഴിവാക്കാൻ സി.ബി.എസ്.ഇ; ഇസ്ലാമിക സാമ്രാജ്യങ്ങളുടെ വളർച്ചയും വ്യവസായ വിപ്ലവവും ഉണ്ടാവില്ല
text_fieldsന്യൂഡൽഹി: 11, 12 ക്ലാസുകളുടെ ചരിത്രം, രാഷ്ട്രമീമാംസ വിഷയങ്ങളിൽ സി.ബി.എസ്.ഇയുടെ കടുംവെട്ട്. 10, 11, 12 ക്ലാസുകളുടെ സിലബസിലാണ് വ്യാപക വെട്ടിമാറ്റൽ. ചേരിചേരാ പ്രസ്ഥാനം, ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങളിലെ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ വളർച്ച, വ്യവസായ വിപ്ലവം, മുഗൾ ചരിത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട അധ്യായങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഉർദു കവി ഫൈസ് അഹ്മദ് ഫൈസിന്റെ കവിതകൾ, 'ജനാധിപത്യവും നാനാത്വവും' തുടങ്ങിയവയും ഒഴിവാക്കിയതിൽപെടും.
10ാം ക്ലാസ് സിലബസിൽ 'ഭക്ഷ്യസുരക്ഷ' എന്ന അധ്യായത്തിൽ 'കാർഷിക മേഖലയിൽ ആഗോളവത്കരണത്തിന്റെ ആഘാതം' എന്ന ഭാഗവും മുറിച്ചുമാറ്റിയിട്ടുണ്ട്. എൻ.സി.ഇ.ആർ.ടി നിർദേശ പ്രകാരമാണ് മാറ്റമെന്നാണ് അധികൃതരുടെ വിശദീകരണം.
11ാം ക്ലാസ് ചരിത്ര സിലബസിന്റെ 'മധ്യ ഇസ്ലാമിക നാടുകൾ' എന്ന വിഷയം ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങളിലെ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ ചരിത്രവും അവ സമൂഹത്തിലും സമ്പദ്ഘടനകളിലും വരുത്തിയ മാറ്റങ്ങളും അപഗ്രഥിക്കുന്നതാണ്. ഖിലാഫത്തിന്റെ ഉദ്ഭവവും വളർച്ചയും പഠിപ്പിക്കുന്നതുംകൂടിയാണ് ഈ അധ്യായം.
ഇതുൾപ്പെടെ പതിറ്റാണ്ടുകളായി രാജ്യത്ത് വിദ്യാർഥികൾ പഠിച്ചുവരുന്ന ഭാഗങ്ങളാണ് പുതിയ സിലബസിൽ വെട്ടിമാറ്റപ്പെടുന്നത്. 2020ൽ 11ാം ക്ലാസിലെ രാഷ്ട്രമീമാംസ സിലബസിൽനിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെ കുറിച്ച ഭാഗങ്ങൾ ഒഴിവാക്കിയത് ശക്തമായ എതിർപ്പിനിടയാക്കിയിരുന്നു. ഇതേ തുടർന്ന് 2021-22ലെ സിലബസിൽ ഇവ പുനഃസ്ഥാപിച്ചു. ഇതിന്റെ ചൂടാറും മുമ്പാണ് പുതിയ വിവാദ നടപടി.
അടുത്ത അക്കാദമിക വർഷം മുതൽ 10, 12 ക്ലാസുകളിലെ പരീക്ഷ ഒന്നാക്കി മാറ്റുന്നതായും സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. പുതുക്കിയ സിലബസ് cbseacademic.nic എന്ന വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാം.