സി.ബി.എസ്.ഇ. ചോദ്യപേപ്പർ ക്യു.ആർ കോഡിൽ മ്യൂസിക് വീഡിയോ; വൈറലാക്കി സോഷ്യൽ മീഡിയ
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ12ാം ക്ലാസ് മാത്സ് ചോദ്യപേപ്പറിൽ നൽകിയ ക്യു.ആർ. കോഡാണിപ്പോൾ സോഷ്യൽ മീഡിയയിലെ കോളിളക്കം. ചോദ്യപേപ്പറിന്‍റെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ലഭിക്കുന്നത് പഴയ മ്യൂസിക് വീഡിയോയുടെ ലിങ്കാണ്. മാർച്ച് ഒമ്പതിന് നടന്ന പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. പരീക്ഷാ പേപ്പറിന്‍റെ ക്യു.ആർ കോഡായി നൽകിയിരിക്കുന്നത് ഇന്റർനെറ്റിൽ ആളുകളെ കബളിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന 'റിക് റോളിങ്' എന്ന ലിങ്കാണ്.
ഓൺലൈനിൽ പ്രചരിക്കുന്ന പോസ്റ്റുകൾ പ്രകാരം, ക്യു. ആർ കോഡ് സ്കാൻ ചെയ്തപ്പോൾ 1987ൽ പുറത്തിറങ്ങിയ റിക്ക് ആസ്റ്റ്ലിയുടെ 'നെവർ ഗോണ ഗിവ് യു അപ്പ്' എന്ന ഗാനത്തിന്റെ യുട്യൂബ് വീഡിയോയിലേക്കാണ് എത്തുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ സോഷ്യമീഡിയ ഇത് ഏറ്റെടുത്തു. ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോദ്യപേപ്പറിനെ മുകളിൽ ഇടത് മൂലയിൽ അച്ചടിച്ച ക്യു.ആർ കോഡ് സ്കാൻ ചെയ്യാനാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്. സ്കാൻ ചെയ്ത് മ്യൂസിക് വീഡിയോ കാണുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
പേപ്പർ ചോർച്ച തടയുന്നതിനുള്ള സുരക്ഷാ നടപടിയായി 2018ലാണ് സി.ബി.എസ്.ഇ ചോദ്യപേപ്പറുകളിൽ ക്യു.ആർ കോഡുകൾ അവതരിപ്പിച്ചത്. ഇത് വളരെ കൃത്യതയോടെ പരിശോധിക്കേണ്ടതാണെന്നിരിക്കെ, എങ്ങനെയാണ് ഇത്തരമൊരു ലിങ്ക് ഔദ്യോഗിക രേഖയിൽ വന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. സംഭവത്തിൽ സി.ബി.എസ്.ഇ. ഇതുവരെ പ്രതികരിച്ചിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

