പത്താംക്ലാസ് പരീക്ഷ വർഷത്തിൽ രണ്ടുതവണയെഴുതാം; സി.ബി.എസ്.ഇ കരട് മാർഗരേഖ പ്രസിദ്ധീകരിച്ചു
text_fieldsന്യൂഡൽഹി: അടുത്ത അധ്യയന വർഷം മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്താനുള്ള കരട് മാർഗരേഖ സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. 2026 ഫെബ്രുവരിയിൽ ആദ്യ ഘട്ടവും മേയിൽ രണ്ടാംഘട്ടവുമായി പരീക്ഷ നടത്തുമെന്ന് കരട് നിർദേശത്തിൽ പറയുന്നു. വിദ്യാർഥികൾക്ക് വേണമെങ്കിൽ രണ്ട് പരീക്ഷകളും എഴുതാം. ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനും അവസരമുണ്ടാകും.
സെപ്റ്റംബറോടെ പരീക്ഷാർഥികളുടെ അന്തിമ പട്ടിക തയാറാക്കും. ഇതിന് മുമ്പായി രണ്ടു പരീക്ഷ എഴുതുന്നവരും ആദ്യഘട്ടം മാത്രമോ രണ്ടാം ഘട്ടം മാത്രമോ എഴുതുന്നവരും ഏതാണോ തെരഞ്ഞെടുക്കുന്നത് അതിന് അപേക്ഷ നൽകണം. പിന്നീട് അവസരം ലഭിക്കില്ല. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്തുതന്നെ രണ്ട് പരീക്ഷകള്‍ക്കുമുള്ള ഫീസ് ഈടാക്കും.
രണ്ട് പരീക്ഷകൾക്കും അപേക്ഷിച്ചവർ ആദ്യ ഘട്ടത്തിൽ തൃപ്തരായാൽ രണ്ടാം ഘട്ടം എഴുതൽ നിർബന്ധമില്ല. ആദ്യഘട്ടത്തിൽ അഞ്ചുവരെ വിഷയങ്ങളിൽ പരാജയപ്പെടുന്നവർക്ക് ഇംപ്രൂവ്മെന്റ് വിഭാഗത്തിൽ രണ്ടാംഘട്ട പരീക്ഷ എഴുതാം. എന്നാൽ, രണ്ടാം ഘട്ട പരീക്ഷ മാത്രം എഴുതുന്നവർക്ക് ഇംപ്രൂവ്മെന്റ് ചെയ്യാൻ അടുത്ത അധ്യയന വർഷത്തെ ആദ്യഘട്ട പരീക്ഷ വരെ കാത്തിരിക്കണം.
രണ്ട് പരീക്ഷകളിലും സിലബസ് പൂര്‍ണമായും ഉള്‍പ്പെടുത്തും. രണ്ട് ഘട്ടങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ഒരേ പരീക്ഷകേന്ദ്രങ്ങള്‍തന്നെ അനുവദിക്കും. ആദ്യഘട്ട പരീക്ഷ പൂര്‍ത്തിയാക്കിയശേഷം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ല. മേയിലെ രണ്ടാം ഘട്ട പരീക്ഷക്ക് ശേഷം മാത്രമേ അന്തിമ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ഷീറ്റും നല്‍കൂ. രണ്ടുഘട്ട പരീക്ഷയും എഴുതിയിട്ടുണ്ടെങ്കില്‍ അവക്ക് ലഭിച്ച മാര്‍ക്കും ഓരോ വിഷയത്തിനും ലഭിച്ച സ്‌കോറുകളില്‍ മികച്ച സ്‌കോറും ഇതില്‍ ഉള്‍പ്പെടുത്തും.
ആദ്യഘട്ട പരീക്ഷ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ആറു വരെയും രണ്ടാം ഘട്ടം മേയ് അഞ്ചുമുതൽ 20 വരെയുമായിരിക്കും. കരട് നിർദേശത്തിൽ മാർച്ച് ഒമ്പത് വരെ ബന്ധപ്പെട്ടവർക്കും പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം. തുടർന്ന് അന്തിമ വിജ്ഞാപനം പുറത്തിറക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.