സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്മെൻറ്: വിദ്യാർഥികളുടെ ഉന്നതപഠനം തടസ്സപ്പെടരുത് –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഉന്നതപഠനത്തെ ബാധിക്കുന്നതിനാൽ ഈവർഷം പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതിയ വിദ്യാർഥികൾ കുറഞ്ഞ മാർക്ക് നേടിയ പ്രശ്നം ഗൗരവമായി പരിഗണിക്കണമെന്ന് സി.ബി.എസ്.ഇയോട് സുപ്രീംകോടതി. ഇംപ്രൂവ്മെൻറ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് യഥാർഥ മാർക്ക് അനുസരിച്ച് പ്രവേശനം നേടുന്നതിന് തടസ്സമുണ്ടാകരുത്. തുടർച്ചയായി ഇംപ്രൂവ്മെൻറ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മുൻ പരീക്ഷഫലം പരിഗണിക്കാമെന്നും അവർക്ക് അതിന് അവസരം നൽകണമെന്നും എതിർ സത്യവാങ്മൂലം സമർപ്പിച്ച സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷനോട് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
ഇംപ്രൂവ്മെൻറ് പരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയതാണ് ബുദ്ധിമുട്ടെന്നും അതിനാൽ മുൻഫലമനുസരിച്ച് പ്രവേശനം നേടാൻ സ്വാതന്ത്ര്യം നൽകണമെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. യഥാർഥ ഫലം നിലനിർത്താൻ ബോർഡിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം സി.ബി.എസ്.ഇ 12ാംക്ലാസ് ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതിയ 11 വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രവേശനനടപടികളെ ബാധിക്കുന്നതിനാൽ വിഷയത്തിൽ വേഗം നടപടിയെടുക്കാനും ഇത് ഈ തവണ മാത്രമുള്ള താൽക്കാലിക ക്രമീകരണമാണെന്നും സ്ഥിരമായ നയമല്ലെന്നും സി.ബി.എസ്.ഇക്കുവേണ്ടി ഹാജരായ അഭിഭാഷകനോട് നിർദേശിച്ചു.