Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീരവ് മോദിയെ ഉടൻ ഇന്ത്യയിലെത്തിക്കും; നടപടികൾ പൂർത്തിയാക്കാൻ സി.ബി.ഐ സംഘം ലണ്ടനിൽ

text_fields
bookmark_border
നീരവ് മോദിയെ ഉടൻ ഇന്ത്യയിലെത്തിക്കും; നടപടികൾ പൂർത്തിയാക്കാൻ സി.ബി.ഐ സംഘം ലണ്ടനിൽ
cancel

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള അവസാനവട്ട നടപടികൾക്കായി സി.ബി.ഐ സംഘം ലണ്ടനിൽ. നിയമവിദഗ്ധരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘമാണ് ലണ്ടനിലെത്തി നടപടികൾ വേഗത്തിലാക്കാനുള്ള ചർച്ചകൾ ആരംഭിച്ചത്.

ബ്രിട്ടീഷ് കോടതികളിലെ നിയമപരമായ എല്ലാ നീക്കങ്ങളും നീരവ് മോദി പിന്നിട്ട സാഹചര്യത്തിലാണ് ഈ നീക്കം. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ മോദി നൽകിയ ഹരജികൾ ലണ്ടനിലെ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ മോദിയെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികൾ ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ അഭിഭാഷകരുമായി സി.ബി.ഐ ചർച്ച ചെയ്യും.

കൈമാറ്റത്തിനെതിരെ ഫ്രാൻസിലെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലും മോദി ഹരജി നൽകിയിട്ടുണ്ട്. അതീവ രഹസ്യമായി പരിഗണിക്കുന്ന ഈ ഹരജിയിൽ ഏപ്രിൽ പകുതിയോടെ വാദം കേൾക്കുമെന്നാണ് സൂചന. ഇതിൽ ഇന്ത്യയുടെ ഭാഗം വ്യക്തമാക്കുന്നതിനെക്കുറിച്ചും സംഘം ആലോചിക്കുന്നുണ്ട്.

നേരത്തേ യുണൈറ്റഡ് കിങ്ഡത്തിലെ നിയമനടപടികൾ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി നൽകിയ അപേക്ഷയും ഹൈകോടതി തള്ളിയിരുന്നു. അസാധാരണമായ സാഹചര്യങ്ങളൊന്നും ഈ കേസിൽ നിലനിൽക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി കൈമാറ്റ ഉത്തരവിൽ മാറ്റമില്ലെന്ന് ഉറപ്പിച്ചു.

നിലവിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന മോദിയുടെ ഇന്ത്യയിലേക്കുള്ള കൈമാറ്റം ഏത് നിമിഷവും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം നേരിട്ട് ലണ്ടനിലെത്തി കേസ് നിരീക്ഷിക്കുന്നത് നീരവ് മോദിയെ ഉടൻ തന്നെ ഇന്ത്യയിലേക്കെത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഉറച്ച നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വ്യാജ ഗ്യാരന്റി രേഖകൾ ചമച്ച് വിദേശ ബാങ്കുകളിൽനിന്ന് കോടികൾ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. 9,656 കോടിയോളം രൂപയുടെ കുടിശ്ശികയാണ് നീരവ് മോദിക്കുണ്ടായിരുന്നത്. തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, 2018 ജനുവരിയിൽ ഇയാൾ ഇന്ത്യയിൽനിന്ന് കടന്നു. തുടർന്ന് സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും 2019ൽ ലണ്ടനിൽവെച്ച് അറസ്റ്റിലാവുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CBI team in London in connection with final formalities in Nirav Modi case
Next Story