ഹാഥ്റസ് ബലാത്സംഗം: നുണ പരിശോധനക്കായി പ്രതികളെ ഉത്തര്‍പ്രദേശിൽനിന്നും ഗുജറാത്തിലേക്ക് കൊണ്ടുപോയി
text_fieldsഅലിഗഡ്: ഹാഥ്റസ് ബലാത്സംഗ കേസിലെ പ്രതികളെ പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനക്കായി ഉത്തർപ്രദേശിലെ അലീഗഡ് ജയിലിൽ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് കൊണ്ടുപോയി. കേസ് അന്വേഷിക്കുന്ന സി.ബി.ഐയാണ് പ്രതികളെ പരിശോധനക്ക് കൊണ്ടുപോയതെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു.
നാല് താക്കൂര്‍ യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത ദലിത് പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് രാവിലെയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്‍റെ അനുമതിയില്ലാതെ 30ന് പുലര്‍ച്ചെ പൊലിസ് സംസ്‌കരിക്കുകയായിരുന്നു. ഇത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. 19കാരിയുടെ മരണത്തിന് മൂന്നു ദിവസം മുന്‍പ് തന്നെ നാല് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു.
ഹാഥ്റസ് കേസിന്‍റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് നേരത്തേ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ രാജന്‍ റോയ്, പങ്കജ് മിതല്‍ എന്നിവരടങ്ങിയ അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നോ ബെഞ്ചാണ് സി.ബി.ഐയോട് കേസന്വേഷണത്തിന്‍റെ തല്‍സ്ഥിതി അറിയിക്കാന്‍ ഉത്തരവിട്ടത്. എന്നാൽ സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാട്ടില്ല.
കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ ഭൗതിക ശരീരം സംസ്കരിച്ച വിഷയം കോടതി സ്വമേധയാ പരിഗണിച്ചിരുന്നു. ആചാരാനുഷ്ഠാനങ്ങൾ പാലിക്കാതെ അർധരാത്രിയിൽ സംസ്‌കാരം നടത്തിയത് ഇരയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതായി കോടതി പറഞ്ഞിരുന്നു.