യൂറിയ കുംഭകോണക്കേസ് അവസാനിപ്പിക്കണമെന്ന് സി.ബി.ഐ; റിപ്പോർട്ട് തള്ളി കോടതി
text_fieldsന്യൂഡൽഹി: സി.ബി.ഐക്ക് തിരിച്ചടിയേകി യൂറിയ കുംഭകോണ കേസിൽ പ്രത്യേക കോടതിയുടെ പരാമർശം. 22 വർഷം പഴക്കമുള്ള കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ അഭ്യർഥന നിരസിച്ച കോടതി ഇത്രയും കാലം കേസ് വെച്ചുതാമസിപ്പിച്ചതിന് രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയെ രൂക്ഷമായി കുറ്റപ്പെടുത്തി.
പ്രത്യേക കോടതി ജഡ്ജി സുരീന്ദർ എസ്. രതിയാണ് സി.ബി.ഐക്കെതിരെ ആഞ്ഞടിച്ചത്. 1999 ൽ സംഭവത്തെക്കുറിച്ച് അവസാനം അന്വേഷിച്ചത് സി.ബി.ഐയാണ്. അതിനർഥം ഇത്രയുംകാലം അന്വേഷണത്തിനുമേൽ അടയിരിക്കുകയായിരുന്നു എന്നാണ്. ഇത് അത്യന്തം ആശങ്കപ്പെടുത്തുന്നതാണ്. ഇക്കാര്യം പരിശോധിച്ച് ഉടൻ നടപടി എടുക്കണമെന്ന് സി.ബി.ഐ ഡയറക്ടർക്ക് കോടതി നിർദേശം നൽകി. 22 വർഷം അന്വേഷിച്ചിട്ടും അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിന്റെ കാരണം മനസ്സിലാവുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 133 കോടിയുടെ അഴിമതിയെക്കുറിച്ച് 1997 ജനുവരി നാലിനാണ് സി.ബി.ഐ കേസ് ഫയൽ ചെയ്തത്.
നാഷനൽ ഫെർട്ടിലൈസർ ലിമിറ്റഡ് മുൻ എം.ഡി സി.കെ. രാംകൃഷ്ണൻ, എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡി.എസ്. കൻവാർ, ഹൈദരാബാദ് ആസ്ഥാനമായ സായ് കൃഷ്ണ ഇംപെക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് എം. സാംബശിവ റാവു, യു.എസ്.എ ആസ്ഥാനമായ അലബാമ ഇന്റർനാഷനലിന്റെ എസ്. നൂതി എന്നിവരെ സി.ബി.ഐ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നു. 2021 ജനുവരിയിൽ രാജ്യത്തിന് സാമ്പത്തിക നഷ്ടംവരുത്തിയിട്ടില്ലെന്നു ചുണ്ടിക്കാണിച്ച് സി.ബി.ഐ കേസ് അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സ്െപഷൽ കോടതി രൂക്ഷപരാമർശം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

