കൈക്കൂലി കേസ്: ഡൽഹി പൊലീസ് സ്റ്റേഷനുകളിൽ സി.ബി.ഐ റെയ്ഡ്, അഞ്ചുപേർ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: കൈക്കൂലി കേസിൽ ഡൽഹിയിൽ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ റെയ്ഡ് നടത്തി സി.ബി.ഐ. വെള്ളിയാഴ്ച രാത്രി തുടർന്ന റെയ്ഡ് ശനിയാഴ്ച പുലർച്ച വരെ നീണ്ടു. വിവിധ കേസുകളിൽ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് റെയ്ഡ്. ഒരു എസ്.ഐ ഉൾപ്പെടെ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടന്നു.
കഴിഞ്ഞ ആഴ്ചയും വിവിധ സ്റ്റേഷനുകളിൽ സി.ബി.ഐ റെയ്ഡ് നടന്നിരുന്നു. തുടർന്ന് ഏതാനും ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയും എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയിൽനിന്ന് 24 ലക്ഷം രൂപ തട്ടിയെടുത്തതിന് കിഴക്കൻ ഡൽഹിയിലെ പൊലീസ് സ്റ്റേഷനിൽനിന്ന് നാല് ഉദ്യോഗസ്ഥരെ രണ്ടാഴ്ച മുമ്പ് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

