ന്യൂഡൽഹി:ബാങ്കുകളെ കബളിപ്പിച്ച് 1,100 കോടി രൂപയുടെ വായ്പ എടുത്ത കേസിൽ ഉത്തർപ്രദേശിലെ ബി.എസ്.പി എം.എൽ.എ വിനയ് ശങ്കർ തിവാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സി.ബി.ഐ റെയ്ഡ്. ലഖ്‌നൗവിലെ രണ്ട് സ്ഥലങ്ങൾ ഉൾപ്പെടെ തിവാരിയുമായി ബന്ധപ്പെട്ട നാലിടങ്ങളിലാണ് സി.ബി.ഐ തിരച്ചിൽ നടത്തുന്നത്.
ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം നൽകിയ പരാതിയെ തുടർന്നാണ് സി.ബി.ഐ റെയ്ഡ്.ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നോയിഡ, ഗോരഖ്പൂർ എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. വിനയ് തിവാരിയുമായി ബന്ധമുള്ള ഗംഗോത്രി എൻറർപ്രൈസസിലും അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്.
ബാങ്കുകളെ വഞ്ചിച്ച് 1,100 രൂപയുടെ വായ്പ എടുത്തുവെന്നാരോപിച്ച് തിവാരിക്കും ഗംഗോത്രി എൻറർപ്രൈസസിൻെറ മറ്റ് ഡയറക്ടർമാർക്കും സി.ബി.ഐ കേസെടുത്തിട്ടുണ്ട്.
ബി.എസ്.പി എം.എൽ.എ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് പണം മറ്റിടങ്ങളിൽ നിക്ഷേപിച്ചുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.