ഉന്നാവ് ബലാത്സംഗ കേസിൽ സെംഗാറിന്റെ ശിക്ഷ മരവിപ്പിക്കൽ; സി.ബി.ഐ സുപ്രീംകോടതിയിൽ
text_fieldsഉന്നാവോ കേസ് ഇരക്ക് നീതി ആവശ്യപ്പെട്ട് പാർലമെന്റ് ഹൗസ് സമുച്ചയത്തിന് മുന്നിൽ പ്രതിഷേധിക്കുന്നവരെ ഡൽഹി പൊലീസ് നീക്കം ചെയ്യുന്നു
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ പ്രതിയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു. അപ്പീൽ ഹരജിയിൽ തീർപ്പാകുന്നതുവരെയാണ് ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ ആയ പ്രതി കുൽദീപ് സിങ് സെംഗാറിനെ ശിക്ഷ മരവിപ്പിച്ച് ഹൈകോടതി ജാമ്യത്തിൽ വിട്ടത്.
സാങ്കേതികവാദം ഉയർത്തിയാണ് സെംഗാറിന് കോടതി ജാമ്യം നൽകിയത്. ഹൈകോടതിയുടെ തീരുമാനം പോക്‌സോ നിയമത്തിന്‍റെ സംരക്ഷണ ചട്ടക്കൂടിനെ ദുർബലപ്പെടുത്തിയെന്ന് സി.ബി.ഐ അഭിപ്രായപ്പെട്ടു. കുറ്റകൃത്യത്തിന്‍റെ ഗൗരവം വെച്ചുനോക്കുമ്പോൾ അത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സി.ബി.ഐ ഹരജിയിൽ അഭിപ്രായപ്പെട്ടു.
ശിക്ഷയിൽ ഇളവ് വരുത്തുന്നതിന് മുമ്പ്, കുറ്റകൃത്യത്തിന്‍റെ ഗൗരവം, കുറ്റം ചെയ്ത വിധം, പ്രതിക്ക് അതിലുള്ള പങ്ക്, ഇരക്ക് നിലനിൽക്കുന്ന ഭീഷണി സാധ്യത എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യങ്ങൾ വേണ്ടവിധം പരിഗണിക്കാൻ കോടതിക്ക് കഴിഞ്ഞില്ലെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
ഇരയുടെ സുരക്ഷക്കുണ്ടാകാവുന്ന ഭീഷണിയും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. പ്രതിയുടെ മുൻകാല ചെയ്തികൾ വെച്ചുനോക്കുമ്പോൾ അത് ഇരയ്ക്ക് അപകടകരമാണ്. അധികാരവും സ്വാധീനശക്തിയുമുള്ള പ്രതിയെ ജാമ്യത്തിൽ വിട്ടയക്കുന്നതും ശിക്ഷ മരവിപ്പിക്കുന്നതും ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം ചോർത്തിക്കളയുമെന്ന് ഹരജി വിശദമാക്കി.
ശിക്ഷാ ഇളവിനെതിരെ പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം
ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസിലെ പ്രതിയുടെ ശിക്ഷ മരവിപ്പിച്ചതിനെതിരെ പാർലമെന്‍റ് പരിസരത്ത് പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്‌ടിവിസ്റ്റ് യോഗിത ഭയാന, കോൺഗ്രസ് നേതാവ് മുംതാസ് പട്ടേൽ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിഷേധക്കാരെ പൊലീസ് തടയുകയും പിരിഞ്ഞുപോകാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. ഉന്നാവ് പീഡന സംഭവത്തിലെ ഇരക്ക് നീതി കിട്ടണമെന്ന ആവശ്യം അവർ ഉന്നയിച്ചു. പാർലമെന്‍റ് സമുച്ചയത്തിന് സമീപം റോഡിൽ കുത്തിയിരുന്ന് ധർണ നടത്തുകയായിരുന്നു അവർ. എന്നാൽ, പാർലമെന്‍റ് പരിസരം പ്രതിഷേധത്തിനുള്ള സ്ഥലമല്ലെന്ന് അറിയിച്ച പൊലീസ് അവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഉന്നാവ് കേസിലെ പ്രതി കുൽദീപ് സിങ് സെംഗാറിന്‍റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ കോടതി നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. കോടതി ഉത്തരവ് റദ്ദാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അതിജീവിതയുടെ മാതാവ് ഉൾപ്പെടെ നിരവധി പേർ ഡൽഹി ഹൈകോടതിയുടെ മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷനിലെ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും, പരമോന്നത കോടതിയിൽ വിശ്വാസമുണ്ടെന്നും അതിജീവിതയുടെ മാതാവ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

