'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകൾക്കെതിരെ സി.ബി.ഐയുടെ വൻ വേട്ട; സുപ്രീം കോടതിയുടെ വ്യാജ വെബ്‌സൈറ്റ് കണ്ടെത്തി, 16 സംസ്ഥാനങ്ങളിലായി വ്യാപക റെയ്ഡ്
text_fieldsന്യൂഡൽഹി: രാജ്യത്ത് വൻതോതിൽ വർദ്ധിച്ചുവരുന്ന 'ഡിജിറ്റൽ അറസ്റ്റ്' അടക്കമുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ രംഗത്ത്. സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്‌സൈറ്റ് നിർമിച്ച് പൊതുജനങ്ങളെ ഭയപ്പെടുത്തി പണം തട്ടുന്ന സംഘത്തെയാണ് അന്വേഷണസംഘം ഇപ്പോൾ വലയിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരേസമയം 80 ഓളം കേന്ദ്രങ്ങളിൽ 60 പ്രത്യേക സി.ബി.ഐ സംഘങ്ങൾ ഒരേസമയം വ്യാപകമായ റെയ്ഡ് നടത്തി. സാധാരണക്കാരുടെ ഭയത്തെ ചൂഷണം ചെയ്യുന്ന സൈബർ ക്രിമിനലുകളുടെ വലിയൊരു ശൃംഖല തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം.
സുപ്രീം കോടതി രജിസ്ട്രിയുടെ പരാതിയെ തുടർന്നാണ് സി.ബി.ഐ ഈ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പുകാർ സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ് സൈറ്റ് ഉണ്ടാക്കുക മാത്രമല്ല, കോടതികളുടേയും വിവിധ നിയമ ഏജൻസികളുടേയും പേരിൽ വ്യാജ ഉത്തരവുകളും രേഖകളും നിർമിച്ച് ഇരകളെ വിശ്വസിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്തു. ഇത്തരത്തിൽ വ്യാജ രേഖകൾ കാണിച്ച് നിയമനടപടികളുടെ പേരിൽ ഡിജിറ്റൽ തടങ്കലിൽ വെച്ചാണ് ഇവർ കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. നിലവിൽ ഇത്തരത്തിലുള്ള ഇരുനൂറിലധികം ഡിജിറ്റൽ അറസ്റ്റ് കേസുകളാണ് ഈ ഒറ്റ ശൃംഖലയുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നത്.
ഈ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്നും കൊൽക്കത്തയിൽ നിന്നും രണ്ട് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ സ്വദേശിയായ ബി. നരേഷ്, കൊൽക്കത്ത സ്വദേശിയായ സഞ്ജീബ് സാഹ എന്നിവരാണ് പിടിയിലായത്. തട്ടിപ്പിലൂടെ നേടുന്ന പണം ഒളിപ്പിക്കുന്നതിനായി വ്യാജ കമ്പനികൾ ഉണ്ടാക്കുകയും മറ്റുള്ളവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് കൈകാര്യം ചെയ്യുകയും ചെയ്തത് ഇവരാണെന്ന് സി.ബി.ഐ വക്താവ് വ്യക്തമാക്കി. ഏകദേശം രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് പണം ഈ അക്കൗണ്ടുകൾ വഴി മാത്രം ഇവർ വെളുപ്പിച്ചെടുത്തിട്ടുണ്ട്.
പഞ്ചാബ്, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, അസം, പശ്ചിമ ബംഗാൾ, മണിപ്പൂർ, കർണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് സി.ബി.ഐ സംഘം ഒരേസമയം പരിശോധന നടത്തിയത്. റെയ്ഡിൽ നിരവധി നിർണായക രേഖകൾ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, ബാങ്ക് ഇടപാട് വിവരങ്ങൾ എന്നിവ സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. ഇന്ത്യൻ പൗരന്മാരെ കൂടാതെ വിവിധ വിദേശ രാജ്യങ്ങളിലുള്ള നിരവധി ആളുകളും ഈ സംഘത്തിന്റെ കെണിയിൽ വീണിട്ടുണ്ടെന്നാണ് സി.ബി.ഐ നൽകുന്ന സൂചന. അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണത്തിനായി ആ രാജ്യങ്ങളിലെ നിയമപാലക ഏജൻസികൾക്കും സി.ബി.ഐ വിവരം കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

