ന്യൂഡൽഹി: കോടികളുടെ വായ്പ തട്ടിപ്പിൽ സി.ബി.െഎ അറസ്റ്റ്ചെയ്ത റോേട്ടാമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെയും മകൻ രാഹുലിനെയും അഡീഷനൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ഒരു ദിവസത്തേക്ക് ട്രാൻസിറ്റ് റിമാൻഡിൽ വിട്ടു. പ്രതികളെ ലഖ്നോവിലെ കോടതിയിൽ ഹാജരാക്കാൻ രണ്ടുദിവസം ട്രാൻസിറ്റ് റിമാൻഡിൽ വിടണമെന്ന് സി.ബി.െഎ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇരുവരെയും സെഷൻസ് കോടതിയിലാണ് ഹാജരാക്കേണ്ടതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
വിക്രം കോത്താരിയും മകനും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പറഞ്ഞാണ് സി.ബി.െഎ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ കാൺപുരാണ് വിക്രം കോത്താരിയുടെ കമ്പനി ആസ്ഥാനം.
ഏഴു ബാങ്കുകളുടെ കൺസോർട്യം 2008 മുതൽ കോത്താരിയുടെ കമ്പനിക്ക് 2919 കോടിയുടെ വായ്പയാണ് നൽകിയതെന്ന് സി.ബി.െഎ എഫ്.െഎ.ആറിൽ പറയുന്നു. മുതലോ പലിശയോ തിരിച്ചടക്കാത്തതിനാൽ ഇത് 3695 കോടിയായി. വിക്രം കോത്താരി രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ബാങ്ക് ഒാഫ് ബറോഡയുടെ പരാതിയിലാണ് അറസ്റ്റ്. വായ്പ തട്ടിപ്പിൽ കോത്താരിയുടെ ഭാര്യ സാധനക്കും ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെയും സി.ബി.െഎ കേസെടുത്തിരുന്നു.