ചോദ്യത്തിന് പണം; മഹുവ മൊയ്ത്രക്കെതിരെ നാല് ആഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ സി.ബി.ഐക്ക് ലോക്പാൽ അനുമതി
text_fieldsകൊൽക്കത്ത: ‘ചോദ്യത്തിന് പണം’ അഴിമതി ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.പി മഹുവ മൊയ്ത്രക്കെതിരെ നാല് ആഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ സി.ബി.ഐക്ക് അനുമതി നൽകി ലോക്പാൽ.
അനുമതി ലഭിച്ചതിന് പിന്നാലെ, എം.പിക്കെതിരെ സി.ബി.ഐ നിയമനടപടികൾ ആരംഭിച്ചു. നവംബർ 12ന് ചേർന്ന ലോക്പാലിന്റെ ഫുൾ ബെഞ്ച് യോഗം സി.ബി.ഐക്ക് കുറ്റപത്രം ബന്ധപ്പെട്ട കോടതിയിൽ സമർപ്പിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ കുറ്റപത്രത്തിന്റെ പകർപ്പ് ലോക്പാലിനും നൽകണം.
വ്യവസായി ഗൗതം അദാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരടക്കമുള്ളവരെ പ്രതിരോധത്തിലാക്കി ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് മഹുവ മൊയ്ത്ര, വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന് ആരോപിച്ച് ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണത്തിനും വിലയേറിയ സമ്മാനങ്ങൾക്കുമായി പാർലമെന്ററി അവകാശങ്ങൾ ദുരുപയോഗം ചെയ്യുകയും ലോക്‌സഭാ ലോഗിൻ വിവരങ്ങൾ പങ്കുവെച്ച് ദേശസുരക്ഷാ ഭീഷണി സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് മഹുവക്കെതിരെയുള്ള ആരോപണം.
2023ലാണ് ‘ചോദ്യത്തിന് പണം’ കേസിൽ മഹുവ മൊയ്ത്രയുടെ പേര് ആദ്യമായി ഉയർന്നുവരുന്നത്. തുടർന്ന്, അതേ വർഷം നവംബറിൽ ലോക്പാലിന്റെ നിർദ്ദേശപ്രകാരം സി.ബി.ഐ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന്, ലോക്പാലിന്റെ ശിപാർശയനുസരിച്ച് അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 2024 മാർച്ച് 21 ന് ഏജൻസി മഹുവക്കും ഹിരാനന്ദാനിക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
അതേസമയം, നിഷികാന്ത് ദുബെയുടെ വ്യാജ ബിരുദത്തെക്കുറിച്ചും ബി.ജെ.പിയുടെ അദാനി ബന്ധത്തെക്കുറിച്ചും ലോക്സഭയിലുന്നയിക്കുന്നതിന്റെ വിദ്വേഷമാണ് പരാതിക്കു പിന്നിലെന്നായിരുന്നു മഹുവയുടെ പ്രതികരണം. നിഷികാന്തിനും ബി.ജെ.പി എം.പിമാർക്കും എതിരെ നിലവിലുള്ള അവകാശ ലംഘന നോട്ടിസുകളിൽ ആദ്യം അന്വേഷണം നടത്തണം. തന്റെ അക്കൗണ്ടുകളൊക്കെ പരിശോധിക്കാമെന്നും അതിനു മുൻപ് അദാനിക്കെതിരെയുള്ള പരാതികൾ അന്വേഷിക്കട്ടെയെന്നും മഹുവ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

