നീറ്റ് യു.ജി 2026 ചോദ്യപേപ്പർ ചോർച്ച: 13 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സി.ബി.ഐ
text_fieldsന്യൂഡൽഹി: നീറ്റ് യുജി 2026 ചോദ്യപേപ്പർ ചോർച്ച കേസിൽ 13 പ്രതികൾക്കെതിരെ ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് സി.ബി.ഐ. ഡൽഹിയിലെ റൗസ് അവന്യൂ പ്രത്യേക അതിവേഗ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ ആദ്യ കുറ്റപത്രമാണിത്.
കുറ്റപത്രത്തിൽ ദേശീയ പരീക്ഷാ ഏജൻസിയുമായി (എൻ.ടി.എ) ബന്ധപ്പെട്ട മൂന്ന് വിഷയ വിദഗ്ധർ, രണ്ട് ഇടനിലക്കാർ, വിദ്യാർഥികൾ, ചോദ്യപേപ്പർ ചോർച്ചാ ശൃംഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രതികൾ എന്നിവരുടെ പേരുകളാണുള്ളത്. പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പർ ചോർത്തി ചില വിദ്യാർഥികൾക്ക് കൈമാറിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
‘കുറ്റപത്രത്തിൽ 360 സാക്ഷികളെയും 422 രേഖകളെയും 43 വസ്തുക്കളെയും സി.ബി.ഐ പരാമർശിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച 13 പേരും ഇന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്’ സി.ബി.ഐ വക്താവ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ചോർന്ന ചോദ്യങ്ങളെക്കുറിച്ചുള്ള ഡിജിറ്റൽ ഫോറൻസിക് വിശകലന റിപ്പോർട്ടുകൾ, കൈയക്ഷര വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ, അക്കാദമിക് വിദഗ്ധരുടെ അഭിപ്രായങ്ങൾ എന്നിവയും സി.ബി.ഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നീറ്റ് യു.ജി 2026 പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര സർക്കാർ കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. അന്വേഷണത്തിൽ ചോദ്യപേപ്പർ തയാറാക്കിയവരിൽനിന്ന് തന്നെയാണ് ചോർന്നതെന്നും വലിയൊരു ശൃംഖല ഇതിനുപിന്നിലുണ്ടെന്നും കണ്ടെത്തുകയായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം സി.ബി.ഐ മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ 92 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
എൻ.ടി.എയുടെ പരീക്ഷാ വിദഗ്ധരായ പി.വി. കുൽക്കർണി (രസതന്ത്രം), മനീഷ ഗുരുനാഥ് മന്ധാരെ (ജീവശാസ്ത്രം), മനീഷ സഞ്ജയ് ഹവൽദാർ (ഭൗതികശാസ്ത്രം) എന്നിവരെ സി.ബി.ഐ പ്രതികളാക്കി. ലാത്തൂരിലെ ഡോക്ടറായ മനോജ് ഷിരുരെ, പുണെയിലെ കോച്ചിങ് സെന്ററായ ഡോ. അഭാങ് പ്രഭു മെഡിക്കൽ അക്കാദമിയിലെ ഫിസിക്സ് ഫാക്കൽറ്റിയായ തേജസ് ഹർഷദ്കുമാർ ഷാ, ലാത്തൂരിലെ കോച്ചിങ് സെന്ററിലെ ശിവരാജ് രഘുനാഥ് മോട്ടെഗാവ്കർ എന്നിവരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഫോറൻസിക് പരിശോധനകളും മറ്റ് തെളിവുകളും ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ പ്രതികളെ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി 2026 പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച അന്വേഷണം മേയ് 12നാണ് സി.ബി.ഐക്ക് കൈമാറിയത്. പരീക്ഷ റദ്ദാക്കുകയും പിന്നീട് ജൂൺ 21ന് പുനഃപരീക്ഷ നടത്തുകയും ചെയ്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ വൻ വിദ്യാർഥി പ്രതിഷേധം നടത്തിയിരുന്നു. ഇത് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

