ന്യൂഡൽഹി: വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഐ.എ.എഫ് ഉദ്യോഗസ്ഥർ, ആയുധ ഡീലർ സഞ്ജയ് ഭണ്ഡാരി, സ്വിറ്റ്സർലാൻഡ് വിമാന നിർമാതാക്കൾ പെലറ്റസ് എയർക്രാഫ്റ്റ് എന്നിവർക്കെതിരെ സി.ബി.ഐ കേസ്. 2009ൽ 75 ബേസിക് ട്രെയിനിങ് എയർക്രാഫ്റ്റുകൾ വ്യോമസേനക്കായി വാങ്ങിയതിൽ 339 കോടി രൂപയുടെ നേട്ടം ഇവർ ഉണ്ടാക്കിയെന്നാണ് കേസ്.
ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ ചില സ്ഥലങ്ങളിൽ സി.ബി.ഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. റോബർട്ട് വാദ്രയുടെ ലണ്ടനിലെ ഫ്ലാറ്റ് ഇടപാടുമായി ബന്ധപ്പെട്ടും ഭണ്ഡാരിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയിരുന്നു.
എയർഫോഴ്സിലെത്തുന്ന പുതിയ ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനായാണ് പെലറ്റസ് കമ്പനിയുടെ പി.സി-7-എം.കെ-2 എന്ന സീരിസിലെ വിമാനങ്ങൾ വ്യോമസേന വാങ്ങിയത്. ഈ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.