800 കോടി പദ്ധതിയിൽ അഴിമതി നടത്തിയ കേസിൽ ടാറ്റ, ജെ.എൻ.പി.റ്റി മുൻ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ
text_fieldsന്യൂഡൽഹി: 800 കോടി പദ്ധതിയിൽ തിരിമറി കാണിച്ചെന്ന കേസിൽ ടാറ്റാ കമ്പനി ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ ഫയൽ ചെയ്തു. ടാറ്റാ കൺസൾട്ടിങ് എൻജിനീയേഴ്സിലെ മുൻ ഉദ്യാഗസ്ഥർ, ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ് എന്നിവക്കെതിരെയാണ് നടപടി.
എസ്റ്റിമേറ്റ് പെരുപ്പിച്ചു കാണിക്കൽ, അന്താരാഷ്ട്ര ലേലക്കാർക്കു വേണ്ടി മത്സരങ്ങൾ തടയൽ, കരാറുകാർക്ക് അനാവശ്യ സഹായങ്ങൾ നൽകൽ, സ്വതന്ത്ര വിദഗ്ദ സംഘടനകളിൽ നിന്ന് റിപ്പോർട്ടുകൾ മറച്ചു വയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നു വർഷമായി നടക്കുന്ന പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐയുടെ നടപടി.
ജെ.എൻ.പി.റ്റി മുൻ ചീഫ് എൻജിനീയർ സുനിൽ കുമാർ മദാഭവി, ടി.സി.ഇ മുൻ പ്രോജക്ട് ഡയറക്ടർ ദേവ്ദത്ത് ബോസ്, ബോസ്കാലിസ് സ്മിത് ഇന്ത്യ എൽ.എൽ.പി, ജാൻ ഡി നൾ ഡ്രഡ്ജിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മറ്റു പേരു വ്യക്തമാക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ക്രിമിനൽ ഗൂഡാലോചന(ഐ.പി.സി സെക്ഷൻ 120ബി), വഞ്ചന(420), അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എഫ്.ഐ.ആർ ചുമത്തിയ ശേഷം മുംബൈയിലെയും, ചെന്നെയിലെയുമുൾപ്പെടെയുള്ള ഓഫീസുകളിൽ സി.ബി.ഐ നടത്തിയ പരിശോധനയിൽ കുറ്റാരോപിതരായ സർക്കാർ ജീവനക്കാർ നടത്തിയ നിക്ഷേപങ്ങളുടെ രേഖകൾ കണ്ടെത്തി. ആരോപണ വിധേയരായ കമ്പനികൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വലിപ്പമുള്ള ചരക്ക് കപ്പലുകളുടെ യാത്ര സുഗമമാക്കാൻ മുംബൈ തുറമുഖവുമായി ബന്ധപ്പെടുത്തുന്ന നാവിഗേഷൻ ചാനൽ ആഴത്തിലാക്കാനും വിശാലമാക്കാനും 2003-ൽ ജെ.എൻ.പി.ടി വിഭാവനം ചെയ്ത പദ്ധതിയുമായി ബന്ധപ്പെട്ടതാണ് കേസ്.
കാപിറ്റൽ ഡ്രഡ്ജിങ് ഫേസ് 1 പ്രോജക്ടിന്‍റെ ഡ്രഡ്ജിങ് ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിന് ടാറ്റ കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. കരാർ രേഖകൾ തയാറാക്കൽ, പദ്ധതി നിർവഹണ മേൽനോട്ടം എന്നിവയുൾപ്പെടെ ഉത്തരവാദിത്തവും ടി.സി.ഇക്കായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
2003നും 2014 നും ഇടയിലുള്ള ആദ്യ പദ്ധതി ഘട്ടത്തിലും 2013 നും 2019 നും ഇടക്കുള്ള പദ്ധതിയുടെ ഘട്ടത്തിലും ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ജെ.എൻ.പി.റ്റിക്ക് നഷ്ടമുണ്ടാക്കുകയും സ്വകാര്യ കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ സഹായിക്കുകയും ചെയ്തു എന്ന ആരോപണത്തിൻമേലാണ് സി.ബി.ഐ അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

