അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയയ്ക്കും വീണ്ടും കുരുക്ക്; മദ്യനയക്കേസിൽ കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരെ സിബിഐ ഹൈകോടതിയിൽ
text_fieldsഅരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയ വിചാരണകോടതി ഉത്തരവിൽ ഗുരുതര പിഴവുകളുണ്ടെന്ന് സിബിഐ. കേസിലെ നിർണായക തെളിവുകൾ വിചാരണകോടതി അവഗണിച്ചെന്നും ക്രിമിനൽ ഗൂഢാലോചന നടന്നതിന് മതിയായ തെളിവുകളുണ്ടെന്നും സിബിഐ വാദിച്ചു. ഫെബ്രുവരി 27ലെ കുറ്റവിമുക്ത ഉത്തരവ് റദ്ദാക്കണമെന്നും അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു.
ജസ്റ്റിസ് സച്ചിൻ ദത്തയുടെ ബെഞ്ചിലാണ് സിബിഐയുടെ വാദം. കുറ്റം ചുമത്തേണ്ട ഘട്ടത്തിൽ വിചാരണകോടതി മിനി വിചാരണ നടത്തിയെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ചൂണ്ടിക്കാട്ടി.
ഈ ഘട്ടത്തിൽ തെളിവുകളുടെ ആധികാരികതയും മൂല്യവും വിശദമായി പരിശോധിക്കാൻ വിചാരണകോടതിക്ക് അധികാരമില്ല. കേസിൽ ഗൂഢാലോചന നടന്നതിന്റെ തെളിവുകൾ ഉണ്ടായിട്ടും കോടതി അവ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വിചാരണകോടതി അന്വേഷണ ഏജൻസിക്കും അന്വേഷണ ഉദ്യോഗസ്ഥനുമെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തിയെന്നും സിബിഐ ഹരജിയിൽ ആരോപിച്ചിട്ടുണ്ട്. ഉത്തരവ് നിയമവിരുദ്ധവും തെറ്റായ നിഗമനങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നാണ് സിബിഐയുടെ വാദം.
അതേസമയം, സിബിഐയുടെ പുനഃപരിശോധനാ ഹരജിയുടെ നിയമസാധുത സംബന്ധിച്ച വാദം ഡിസംബർ 9, 10 തീയതികളിൽ കേൾക്കാൻ ഹൈകോടതി തീരുമാനിച്ചു. കെജ്‌രിവാൾ ഉൾപ്പെടെയുള്ള എ.എ.പി നേതാക്കൾ ഹരജിയുടെ നിയമസാധുത ചോദ്യം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 27നാണ് കെജ്‌രിവാൾ, സിസോദിയ എന്നിവരടക്കം 23 പേരെ വിചാരണകോടതി കുറ്റവിമുക്തരാക്കിയത്. മദ്യനയത്തിലെ ക്രമക്കേടുകൾ ആരോപിച്ച് സിബിഐ രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
2021 നവംബർ 17ന് നടപ്പാക്കിയ മദ്യനയം അഴിമതി ആരോപണങ്ങൾക്കു പിന്നാലെ 2022 സെപ്റ്റംബറിൽ പിൻവലിച്ചിരുന്നു. ലൈസൻസ് ഉടമകൾക്ക് അനധികൃത ആനുകൂല്യങ്ങൾ നൽകിയെന്നതാണ് സിബിഐയുടെയും ഇഡിയുടെയും പ്രധാന ആരോപണം.

