അമേരിക്കക്കാരിൽ നിന്ന് തട്ടിയത് 350 കോടി; ഒടുവിൽ വില്ലൻമാരെ വലയിലാക്കി സി.ബി.ഐ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: വ്യാജ സേവനങ്ങൾ വാഗ്ദാനങ്ങൾ നൽകി അമേരിക്കക്കാരിൽ നിന്ന് 350 കോടിയിലധികം രൂപ തട്ടിയ ഇന്ത്യന്‍ തട്ടിപ്പുസംഘത്തെ സി.ബി.ഐ പിടികൂടി. സാങ്കേതിക സഹായമടക്കം സേവനങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തട്ടിപ്പുസംഘത്തിലെ പ്രധാനികളായ ജിഗര്‍ അഹമ്മദ്, യാഷ് ഖുറാന, ഇന്ദര്‍ജീത് സിങ് ബാലി എന്നിവരാണ് അറസ്റ്റിലായത്. 2023 മുതല്‍ നടത്തിയ തട്ടിപ്പിലാണ് അറസ്റ്റ്.
അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനുമായി (എഫ്.ബി.ഐ) സഹകരിച്ചായിരുന്നു അന്വേഷണം. പ്രതികളുടെ താമസ സ്ഥലത്തുനിന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും 54 ലക്ഷം രൂപയും എട്ട് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും കണ്ടെടുത്തു.
ഓഗസ്റ്റ് 18നാണ് കേസിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന്, അമൃത്സറിലും ഡൽഹിയിലും നടത്തിയ അന്വേഷണത്തിലാണ് പഞ്ചാബുമുതൽ വാഷിങ്ടൺ വരെ നീളുന്ന തട്ടിപ്പുശൃംഖലയുടെ വിവരങ്ങൾ കണ്ടെത്തിയത്. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സുരക്ഷിതമല്ലെന്ന് ഇരകളെ വിശ്വസിപ്പിച്ച ശേഷം തട്ടിപ്പുകാരുടെ അധീനതയിലുള്ള ക്രിപ്റ്റോ കറൻസി വാലറ്റുകളിലേക്ക് പണം മാറ്റുന്നതായിരുന്നു ഇവരുടെ രീതി. ഇതിനായി റിമോട്ട് ആക്സസ് സോഫ്റ്റ് വെയറുകളടക്കം ഇവർ ദുരുപയോഗം ചെയ്തിരുന്നു.
അന്വേഷണത്തിനിടെ, തട്ടിപ്പിനായി പഞ്ചാബിലെ അമൃത്സറിൽ സജ്ജീകരിച്ച അനധികൃത കോൾ സെന്ററും സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് 34 ആളുകൾ പിടിയിലായതായും സി.ബി.ഐ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ ആളുകൾ ഉൾപ്പെട്ടതായാണ് പ്രാഥമിക നിഗമനമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

