ചോദ്യക്കോഴ: മഹുവ മൊയ്ത്രക്കെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങി
text_fieldsന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തിൽ സി.ബി.ഐ അന്വേഷണം തുടങ്ങി. ലോക്പാൽ നിർദേശമനുസരിച്ചാണ് സി.ബി.ഐയുടെ പ്രാഥമിക അന്വേഷണം. അന്വേഷണത്തിന് ശേഷം മഹുവക്കെതിരെ ക്രിമിനൽ കേസെടുക്കണോ എന്നതിൽ സി.ബി.ഐ തീരുമാനമെടുക്കും. പ്രിലിമിനറി അന്വേഷണത്തിൽ ഒരാളെ അറസ്റ്റ് ചെയ്യാനോ തിരച്ചിൽ നടത്താനോ സി.ബി.ഐക്ക് അധികാരമില്ല. എന്നാൽ മഹുവയെ ചോദ്യം ചെയ്യാനും വിവരങ്ങൾ തേടാനും രേഖകൾ സമർപ്പിക്കാൻ നിർദേശിക്കാനും കഴിയും.
മൊയ്ത്രയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയാണു ലോക്പാലിനെ സമീപിച്ചത്. പണവും ഉപഹാരങ്ങളും വാങ്ങിയതിനു പ്രത്യുപകാരമായി പാര്‍ലമെന്റില്‍ മഹുവ മൊയ്ത്ര ചില ചോദ്യങ്ങള്‍ ഉന്നയിച്ചു എന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് ദുബെ ലോക്പാലിനെ സമീപിക്കുകയായിരുന്നു. അഴിമതി വിരുദ്ധ അതോറിറ്റിക്കു മുന്‍പാകെ സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദ് ദെഹാദ്‌റായ്യുടെ ഒരു കത്തും നിഷികാന്ത് ദുബെ ഹാജരാക്കി. മൊയ്ത്രയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ കത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരാതിയിൽ പറയുന്ന ആരോപണങ്ങൾ മുൻനിർത്തി പൂർണതോതിൽ അന്വേഷണം ആവശ്യമാണോ എന്ന് വിലയിരുത്തുകയാണ് പ്രാഥമിക അന്വേഷണത്തിൽ സി.ബി.ഐ ചെയ്യുന്നത്.
സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും ലക്ഷ്യമിട്ട് പാർലമെന്റിൽ ചോദ്യം ചോദിക്കാൻ അനുമതി നൽകുക വഴി പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ ആരോപണം. ഐ.ഡിയും പാസ്വേഡും നൽകിയതു വഴി ഹിരനന്ദാനി ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ദുബെ ആരോപിച്ചു. ദേശീയതലത്തിൽ പെട്ടെന്ന് പേരെടുക്കുകയായിരുന്നു മഹുവയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് അവരുടെ സുഹൃത്തുക്കളും ഉപദേശകരും മഹുവയെ ഉപദേശിച്ചുവെന്നും ദർശൻ ഹിരാനന്ദാനി സത്യവാങ്മൂലത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

