കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഡാർക്നെറ്റിൽ വിൽപന നടത്തുന്ന സർക്കാർ എഞ്ചിനീയർ യു.പിയിൽ പിടിയിൽ
text_fieldsലഖ്നോ: അമ്പതോളം കുട്ടികളെ പീഡിപ്പിച്ച സർക്കാർ എഞ്ചിനീയറെ ഉത്തർപ്രദേശിൽ സി.ബി.െഎ അറസ്റ്റ് ചെയ്തു. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാമറയിൽ പകർത്തി അവ ഡാർക്നെറ്റിലൂടെ വിൽപന നടത്തുകയായിരുന്നു ഇയാളുടെ പതിവ്. ഇയാളുടെ താമസ സ്ഥലത്തു നിന്ന് മൊബൈൽ ഫോണുകൾ, എട്ടു ലക്ഷം രൂപം, രതി ഉപകരണങ്ങൾ, നിരവധി പീഡന ദൃശ്യങ്ങൾ എന്നിവ അന്വേഷണ സംഘം കണ്ടെടുത്തു.
ഉത്തർ പ്രദേശിലെ ചിത്രകൂട്ട് സ്വദേശിയായ രാംഭവാൻ ആണ് സി.ബി.െഎയുടെ പിടിയിലായത്. അഞ്ചു വയസു മുതൽ 16 വയസുവരെ പ്രായമുള്ളവരാണ് ഇയാളുടെ ഇരകൾ. പത്തുവർഷത്തിനിടെ ബാന്ദ, ചിത്രകൂട്ട്, ഹാമിർപൂർ ജില്ലകളിൽ നിന്നായാണ് ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത്. പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാൻ മൊബൈൽ ഫോണുകളും മറ്റു ഇലക്ട്രോണിക് ഗാഡ്ജറ്റുകളും കുട്ടികൾക്ക് നൽകിയിരുന്നതായി ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇയാൾ പകർത്തിയിരുന്ന പീഡന ദൃശ്യങ്ങൾ ഡാർക് നെറ്റിലൂടെ വിൽപന നടത്തി പണം സമ്പാദിച്ചിരുന്നതായും അന്വേഷണസംഘം പറഞ്ഞു.
ലോകമാകെ വ്യാപിച്ച ബാലലൈംഗിക മാഫിയയുടെ ഭാഗമായിരുന്നു ഇയാൾ എന്നതിനാൽ കേസിൽ മറ്റു പ്രതികൾ ഉണ്ടാകാനുള്ള സാധ്യത അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. കുറ്റകൃത്യത്തിൽ ബന്ധമുള്ള മറ്റുള്ളവരെ കണ്ടെത്തുന്നതിന് മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ശാസ്ത്രീയ പരിശോധന നടത്താൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇയാളുമായി ഇ മെയിലിൽ ബന്ധപ്പെട്ട ആളുകളുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള ആളുകൾ ഇയാളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

