ഹിമാചൽ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ മകൾ വധക്കേസിൽ അറസ്റ്റിൽ
text_fieldsഷൂട്ടിങ് താരം സുഖ്മൻപ്രീത് സിങ് (സിപ്പി സിദ്ദു)
ന്യൂഡൽഹി: ആറു വർഷംമുമ്പ് ദേശീയ ഷൂട്ടിങ് താരം സുഖ്മൻപ്രീത് സിങ് (സിപ്പി സിദ്ദു) കൊല്ലപ്പെട്ട കേസിൽ ഹിമാചൽപ്രദേശ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സബിന സിങ്ങിന്റെ മകൾ കല്യാണി സിങ്ങിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കല്യാണി സിങ്ങിനെ വിളിച്ചുവരുത്തിയ സി.ബി.ഐ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രത്യേക ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാലു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
35കാരനായ സിദ്ദു 2015 സെപ്റ്റംബർ 15നാണ് ചണ്ഡിഗഢിലെ പാർക്കിൽ വെടിയേറ്റ് മരിച്ചത്. വെടിയുതിർത്തയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീ കല്യാണിയായിരുന്നുവെന്ന് സൂചനയുണ്ടായിരുന്നു. കല്യാണിയും സിപ്പിയും ഇഷ്ടത്തിലായിരുന്നുവെന്നും ബന്ധത്തിൽ വിള്ളൽ വന്നതിനെ തുടർന്നാണ് സിപ്പി കൊല്ലപ്പെട്ടതെന്നുമാണ് സി.ബി.ഐ കണ്ടെത്തിയത്. അഭിഭാഷകൻ കൂടിയായ സിപ്പി സിദ്ദു പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതി മുൻ ജഡ്ജി എസ്.എസ്. സിദ്ദുവിന്റെ പൗത്രനാണ്.

