ന്യൂഡൽഹി: പ്രധാനമന്ത്രിയും മന്ത്രിമാരും കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ സുപ്രീംകോടതി നിർദേശിച്ചത് പ്രകാരം കാവേരി ജലം വീതം വെപ്പിനുള്ള പദ്ധതിക്ക് രൂപം നൽകാനായില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പുമൂലം പ്രധാനമന്ത്രിയും എല്ലാ മന്ത്രിമാരും കർണാടകയിലാണെന്നും അവരെല്ലാവരും യാത്രയിലായതിനാൽ കേസ് തെരഞ്ഞെടുപ്പ് തീയതിക്ക് അപ്പുറം ഒരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും അറ്റോണി ജനറൽ (എ.ജി) കെ.കെ. വേണുഗോപാൽ ബോധിപ്പിച്ചു. ‘‘കേന്ദ്രം കരട് പദ്ധതിയുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലേ’’ എന്ന് ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു. തങ്ങൾ പ്രയാസകരമായ അവസ്ഥയിലാണെന്നും 10 ദിവസം കൂടിയാണ് കേന്ദ്രം ചോദിക്കുന്നതെന്നും എ.ജി ഇതിന് മറുപടി നൽകി.
എന്നാൽ, തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നാഫഡെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. കേന്ദ്രം കർണാടകയിൽ ഫലമെന്താകുമെന്ന ഭീതിയിലാണ്.
തെരഞ്ഞെടുപ്പ് നടക്കുന്ന മേയ് 12ന് മുമ്പ് കരട് തയാറാക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ല. കർണാടക ഫലം ബി.ജെ.പിക്ക് അനുകൂലമാക്കാൻ രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്രമെന്നും നാഫഡെ കുറ്റപ്പെടുത്തി.സുപ്രീംകോടതിയും ഇത് അനുവദിച്ചുകൊടുത്താൻ പിന്നെ രാജ്യത്ത് നിയമവാഴ്ചയും ഫെഡറലിസവുമുണ്ടാകില്ലെന്നും നാഫഡെ മുന്നറിയിപ്പ് നൽകി.
കേന്ദ്രത്തിന് കരട് പദ്ധതി തയാറാക്കേണ്ട ഉത്തരവാദിത്തമുണ്ടെന്ന് ഇതിനിടയിൽ ആവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഫെബ്രുവരിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കി വെള്ളം ലഭ്യമാക്കാത്തതിനെക്കുറിച്ച് തമിഴ്നാട്ടിലെ ജനങ്ങളോട് തങ്ങളെന്തു പറയുമെന്ന് നാഫഡെ ചീഫ് ജസ്റ്റിസിനോട് ചോദിച്ചു. ഇതു കേട്ട് വെള്ളം വിടുകൊടുക്കൂ എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കർണാടക അഭിഭാഷകൻ ശ്യാം ദിവാനോട് ആവശ്യപ്പെട്ടപ്പോൾ വെള്ളം ഇപ്പോൾ തന്നെ കൂടുതലായി കൊടുത്തിട്ടുെണ്ടന്ന് അദ്ദേഹം മറുപടി നൽകി. തുടർന്ന് കൊടുത്ത വെള്ളത്തിെൻറ കണക്ക് ചൊവ്വാഴ്ച ബോധിപ്പിക്കാൻ സുപ്രീംകോടതി കർണാടകയോട് ആവശ്യപ്പെട്ടു. കരട് പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രം എന്ത് നടപടിയെടുത്തു എന്നും അന്നേ ദിവസത്തിനകം അറിയിക്കണമെന്നും ബെഞ്ച് നിർേദശിച്ചു.