കാവേരി നദീജല തർക്കം; ബന്ദ് പിൻവലിക്കണമെന്ന് ശിവകുമാർ
text_fieldsബംഗളൂരു/ചെന്നൈ: കാവേരി നദീജല തർക്കം വീണ്ടും ചൂടുപിടിക്കുമ്പോൾ, കർണാടകയും തമിഴ്നാടും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംസ്ഥാനത്തിന്റെ താൽപര്യവും കർഷകരുടെ അവകാശവും സംരക്ഷിക്കുമെന്ന് ആവർത്തിച്ച് കർണാടക ബന്ദ് പിൻവലിക്കാൻ അഭ്യർഥിച്ചപ്പോൾ, തമിഴ്നാട് മന്ത്രി സി.ടി.ആർ. നിർമൽകുമാർ കാവേരി വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി.
തമിഴ്നാടിന് 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യൂസെക് വെള്ളം വിട്ടുനൽകണമെന്ന കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവ് കാവേരി ജല നിർവഹണ അതോറിറ്റി ശരിവെച്ചതിൽ പ്രതിഷേധിച്ച് കന്നട സംഘടനകൾ ആഗസ്റ്റ് 13ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ശിവകുമാർ, സമീപദിവസങ്ങളിലെ മഴ സംസ്ഥാനത്തെ ജലലഭ്യത മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ ബന്ദിന്റെ ആവശ്യമില്ലെന്നും പറഞ്ഞു. കുടിവെള്ള ആവശ്യങ്ങൾക്ക് മുൻഗണന നൽകി, നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാവേരി വിഷയത്തിൽ കർണാടകയിലെ കർഷകരുടെയും ജനങ്ങളുടെയും താൽപര്യം സംരക്ഷിക്കാൻ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിൽ ജനങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ശിവകുമാർ പറഞ്ഞു.
അതേസമയം, ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിച്ച തമിഴ്നാട് മന്ത്രി നിർമൽകുമാർ, കാവേരി വിഷയത്തിൽ എല്ലാ പാർട്ടികളുടെയും പിന്തുണയോടെ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയ സാഹചര്യത്തിൽ പുതിയ സർവകക്ഷിയോഗത്തിന് പ്രസക്തിയില്ലെന്ന് പറഞ്ഞു. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, പട്ടാളി മക്കൾ കക്ഷി, വി.സി.കെ എന്നിവയാണ് സർവകക്ഷിയോഗം ആവശ്യപ്പെട്ടത്.
വിഷയത്തിൽ എ.ഐ.എ.ഡി.എം.കെ ഹൈകോടതിയെയും ഡി.എം.കെ സുപ്രീംകോടതിയെയും സമീപിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും കർണാടകയിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒരേ നിലപാടിലായിരിക്കുമ്പോൾ തമിഴ്നാട്ടിൽ രാഷ്ട്രീയ ഐക്യം ഇല്ലെന്നുമാണ് മന്ത്രിയുടെ വിമർശനം.ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനും ഡി.കെ. ശിവകുമാറും തമ്മിൽ രാഷ്ട്രീയധാരണയുണ്ടെന്നും അത് തമിഴ്നാട്ടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി ആരോപിച്ചു. ബംഗളൂരുവിൽ നിന്നുള്ള പണം ഉപയോഗിച്ച് ടി.വി.കെ എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

