കാവേരി നദീജലതർക്കം; ‘ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് എന്റെ കടമ’ – പ്രിയങ്ക് ഖാർഗെ
text_fieldsബംഗളൂരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ ഉറച്ച നിലപാടിലാണെന്ന് വ്യക്തമാക്കി. തമിഴ്നാട് സ്വന്തം ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതുപോലെ കർണാടക സർക്കാരിനും സ്വന്തം പൗരന്മാരുടെ അവകാശങ്ങളും ജല ആവശ്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും ഖാർഗെ പറഞ്ഞു.
ഓരോ സംസ്ഥാന സർക്കാരും തങ്ങളുടെ ജനങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും കാവേരി വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് അവരുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും. തന്‍റെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും ഖാർഗെ കൂട്ടിചേർത്തു.
കർണാടകയും തമിഴ്നാടും പ്രധാന കക്ഷികളായുള്ള ദീർഘകാല അന്തർസംസ്ഥാന ജലതർക്കമാണ് കാവേരി വിഷയം. മഴ കുറവ് ലഭിക്കുന്ന വർഷങ്ങളിൽ കാവേരി നദിയിലെ ജലം എങ്ങനെ പങ്കിടണം എന്നതാണ് പ്രധാനവിഷയം.
കർണാടക നിർദേശിച്ച മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതി സംബന്ധിച്ച നീക്കങ്ങളാണ് വിഷയം വീണ്ടും ചർച്ചയാവാൻ കാരണം. അണക്കെട്ട് വന്നാൽ താഴേക്ക് ഒഴുകുന്ന ജലത്തിന്റെ അളവിനെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി തമിഴ്നാട് ഈ പദ്ധതിയെ ശക്തമായി എതിർക്കുന്നുണ്ട്.
ആഗസ്റ്റ് മൂന്നിന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കാവേരി നദീതീരത്ത് കർഷകർ മണലിൽ സ്വയം മൂടിക്കൊണ്ടുള്ള രംഗത്തെത്തിയിരുന്നു. ജലസേചന ആവശ്യങ്ങൾക്ക് ഉടൻ കാവേരി ജലം വിട്ടുനൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കാവേരി നദീജലതർക്കത്തിൽ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് സർക്കാരിന്റെ പ്രധാന മുൻഗണനയെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളോടും കന്നഡ സംഘടനകളോടും ബന്ദിന് ആഹ്വാനം ചെയ്യരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
ജനങ്ങൾ എന്ത് തീരുമാനമാണ് ഉണ്ടാകുകയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സംസ്ഥാനത്തെ സേവിക്കാനുള്ള ഉത്തരവാദിത്തമാണ് താൻ ഏറ്റെടുത്തിരിക്കുന്നത്. കാവേരി നദീതടത്തിൽ ജനിച്ച് വളർന്ന താൻ ഒരു കർഷകന്റെ മകനാണെന്നും കൃഷിയുടെയും കർഷകരുടെയും ബുദ്ധിമുട്ടുകൾ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

