കാവേരി നദി ജലത്തർക്കം; തമിഴ്നാട്-കർണാടക അതിർത്തിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു
text_fieldsതമിഴ്നാട്-കർണാടക അതിർത്തിയില്‍ വട്ടൽ നാഗരാജിന്റെയും കന്നഡ രക്ഷണ വേദികെയിലെ മഞ്ജുനാഥ് ദേവയുടെയും നേതൃത്വത്തിൽ നടന്ന ഉപരോധത്തില്‍ നിന്ന്
ബംഗളൂരു: കാവേരി നദിക്ക് കുറുകെ മേക്കദട്ടിൽ ഉടൻ അണക്കെട്ട് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടും തമിഴ്നാടിന് കര്‍ണാടക വെള്ളം വിട്ടുകൊടുക്കണമെന്ന സി.ഡബ്ല്യു ആര്.സിയുടെ നിർദ്ദേശത്തെ എതിര്‍ത്തും ബംഗളൂരു-ചെന്നൈ ദേശീയപാതയിലെ അത്തിബെലെ ചെക്ക്പോസ്റ്റിൽ കന്നഡ അനുകൂല സംഘടനകൾ തിങ്കളാഴ്ച പ്രതിഷേധം നടത്തി. പ്രതിഷേധത്തെത്തുടർന്ന് തമിഴ്നാടിനും കർണാടകക്കും ഇടയിലുള്ള ബസ് സർവിസുകൾ മൂന്ന് മണിക്കൂർ സ്തംഭിച്ചു.
കന്നഡ ചലനലി വട്ടൽ പക്ഷയിലെ വട്ടൽ നാഗരാജിന്റെയും കന്നഡ രക്ഷണ വേദികെയിലെ മഞ്ജുനാഥ് ദേവയുടെയും നേതൃത്വത്തിൽ രാവിലെ 10.20 ഓടെ ടോൾ പ്ലാസയിൽ തടിച്ചുകൂടിയ 60 ലധികം പ്രവർത്തകർ തമിഴ്നാടിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് അതിർത്തിയിലേക്ക് മാർച്ച് ചെയ്തു. കാവേരി ഞങ്ങളുടേതാണ്. മേക്കേദട്ടു അണക്കെട്ട് ഉടൻ നിർമ്മിക്കണം എന്നീ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. ഹൊസൂരിൽ നിന്നുള്ള തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ നിർത്തിവച്ചു. അതേസമയം കർണാടക ബസുകളെ തമിഴ്നാട്ടിലേക്ക് കടക്കാന്‍ അനുവദിച്ചില്ല.
പ്രദേശത്തെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് യാത്രക്കാർ ഏകദേശം മൂന്ന് മണിക്കൂറോളം കുടുങ്ങി. ഉച്ചയ്ക്ക് 1.30 ഓടെ കർണാടക പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ബസ് സർവിസുകൾ പുനരാരംഭിച്ചു. ആഗസ്റ്റ് 13 ന് രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ ബന്ദ് നടക്കുമെന്ന് വട്ടൽ നാഗരാജ് മാധ്യമ പ്രസ്താവനയിൽ പറഞ്ഞു. രണ്ടായിരത്തിലധികം കന്നഡ അനുകൂല സംഘടനകൾ ഇതിനകം പിന്തുണ നൽകിയിട്ടുണ്ടെന്നും എണ്ണം 3,000 കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബന്ദ് പിൻവലിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർത്ഥിച്ചെങ്കിലും നിരസിക്കുകയായിരുന്നു. പ്രതിഷേധം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്നും റദ്ദാക്കില്ലെന്നും നാഗരാജ് പറഞ്ഞു. കടകള്‍, ബി.എം.ടി.സി ബസ് സർവിസുകൾ എന്നിവയെ ബാധിക്കും. ഓട്ടോറിക്ഷകൾ, ടാക്സികൾ, ആപ്പ് അധിഷ്ഠിത ക്യാബ് സർവിസുകൾ എന്നിവ ഭാഗികമായി പ്രവർത്തിക്കും. ആശുപത്രികൾ, ഫാർമസികൾ, ആംബുലൻസ് സേവനങ്ങൾ, പാൽ വിതരണം, പഴങ്ങൾ, പച്ചക്കറി വിതരണം എന്നിവയുൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

